ഓടികൊണ്ടിരുന്ന ബസിനു മുകളില്‍ മരം വീണു; യാത്രക്കാരിയായ യുവതിക്കു പരിക്ക്

ഇരിങ്ങാലക്കുട: ഓടികൊണ്ടിരുന്ന ബസിനു മുകളില്‍ മരം വീണ് യാത്രക്കാരിയായ യുവതിക്കു പരിക്ക്. തൊട്ടിപ്പാള്‍ സ്വദേശി കാഞ്ഞിരപള്ളന് വീട്ടില്‍ സെബാസ്റ്റ്യന്‍ മകള്‍ അമല്‍ന (24) നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തരയോടെ മാപ്രാണം നടുവിലാലിനു സമീപമാണ് അപകടം നടന്നത്. ആമ്പല്ലൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് സര്‍വീസ് നടത്തുന്ന വെള്ളാംപറമ്പില്‍ എന്ന സ്വകാര്യ ബസിനു മുകളിലേക്കാണ് തണല്‍ മരം കടപുഴുകി വീണത്. കടപുഴുകിയ മരം റോഡിന് എതിര്‍വശത്തായുള്ള വൈദ്യുതി ലൈനില്‍ തട്ടി നിന്നതോടെ വന്‍ അപകടം ഒഴിവായി. ബസിന്റെ ജനലിലൂടെ ഒരുവലിയ മരക്കൊമ്പ് കടന്നുവന്ന് അമല്നയുട ഷോള്ഡറില് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ തുടര്‍ന്ന് ഈ റൂട്ടില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. ഇരിങ്ങാലക്കുട പോലീസും ഫയര്‍ഫോഴ്സുമെത്തി നാട്ടുക്കാരും ചേര്‍ന്ന് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
