കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അംഗുലീയാങ്കം കൂത്തു തുടങ്ങി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തില്‍ നടത്തിവരാറുള്ള കൂത്തടിയന്തിരത്തിന്റെ ഭാഗമായി അംഗുലിയാങ്കം കൂത്ത് പുറപ്പാട് അരങ്ങേറി. ശ്രീരാമന്റെ പ്രതീകമായി സീതയ്ക്ക് കാഴ്ചവയ്ക്കാനുള്ള മോതിരം അടയാളമായി ധരിച്ച് സമുദ്രം ചാടിക്കടന്ന് ലങ്കയിലെത്തിയ ഹനുമാന്റെ പുറപ്പാടാണ് തിങ്കളാഴ്ച അരങ്ങേറിയത്. 11 ദിവസം കൂത്ത് നടക്കും. സാധാരണ കൂത്തിനായി വേഷം കിട്ടിയതിനുശേഷം ചാക്യാര്‍ കൂത്തമ്പലത്തില്‍ നിന്ന് പുറത്തിറങ്ങാറില്ല. എന്നാല്‍ ചാക്യാര്‍കൂത്ത് അവതരിപ്പിച്ചതിനുശേഷം ഹനുമാന് വേഷത്തില്‍ത്തന്നെ ദേവദര്‍ശനത്തിനായി ക്ഷേത്രത്തിലേക്ക് പുറത്തിറങ്ങുന്നത് അംഗുലീയാങ്കം കൂത്തു പുറപ്പാട് ദിവസം മാത്രമാണ്. അമ്മന്നൂര്‍ മാധവ് ചാക്യാര്‍ ഹനുമാനായി അരങ്ങിലെത്തി. നാരായണന് നമ്പ്യാര്‍ മിഴാവിലും ഇന്ദിരാ നങ്ങ്യാര്‍ താളത്തിലും മേളമൊരുക്കി.