സെന്റ് ജോസഫ് കോളജിന്റെ ഗവേഷണങ്ങൾ ദേശീയ ശ്രദ്ധയിൽ
ഇരിങ്ങാലക്കുട: ഗണിതശാസ്ത്രജ്ഞൻ സംഗമഗ്രാമ മാധവനെക്കുറിച്ചുള്ള ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്റെ ഗവേഷണങ്ങൾ ദേശീയ ശ്രദ്ധയിലേക്ക്. ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സംഘടിപ്പിച്ച അഖില ഭാരതീയ ശിക്ഷാ സമാഗമത്തിൽ പങ്കെടുക്കാൻ കോളജിനു ക്ഷണം ലഭിച്ചിരുന്നു. പുരാരേഖാ ഗവേഷണ കേന്ദ്രത്തിനായിരുന്നു യുജിസി പവലിയനിലേക്കു ക്ഷണം കിട്ടിയത്.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ മാധവനെക്കുറിച്ചുള്ള ഗവേഷണങ്ങളുടെ വിവരങ്ങളാരായൻ പവലിയനിൽ നേരിട്ടെത്തി. യുജിസി ചെയർമാൻ പ്രഫ. മാമിദാല ജഗദീഷ് കുമാർ, സെക്രട്ടറി പ്രഫ. മനീഷ് ആർ ജോഷി എന്നിവരും ഒപ്പമുണ്ടായിരുന്നു. തുടർന്നു നടന്ന സമാപന സമ്മേളനത്തിലും മാധവനെക്കുറിച്ചുള്ള പഠനങ്ങൾക്കു മേൽനോട്ടം നൽകുന്നതിനു കലാലയത്തെ അഭിനന്ദിച്ചു. കോളജിൽനിന്നും ലിറ്റി ചാക്കോയോടൊപ്പം പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി, ഡോ. സിസ്റ്റർ അഞ്ജന എന്നിവർ പങ്കെടുത്തു. കേരളത്തിൽ നിന്നും ഡൽഹിയിലെ യുജിസി പവലിയനിലേക്ക് ക്ഷണം ലഭിച്ച ഒരേയൊരു സ്ഥാപനവും സെന്റ് ജോസഫ്സ് കോളജ് മാത്രമായിരുന്നു.
താളിയോലകൾ, പേപ്പർ, മരം, ശില തുടങ്ങി ഏതുതരം എഴുത്തുകളും സംരക്ഷിക്കുകയും പഠനപദ്ധതിയായി വികസിപ്പിക്കുകയും ചെയ്ത സ്ഥാപനമാണ് മാനുസ്ക്രിപ്റ്റ് റിസർച്ച് ആൻഡ് പ്രിസർവേഷൻ സെന്റർ അഥവാ എംആർപിസി. സംഗമഗ്രാമ മാധവൻ നേതൃത്വം കൊടുത്ത പഴയ ജ്യോതിശാസ്ത്ര, ഗണിത പൈതൃകം വീണ്ടെടുക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനായി ദി ലൈഫ് ആൻഡ് കോണ്ട്രിബ്യൂഷൻ ഓഫ് സംഗമഗ്രാമമാധവ എന്ന പേരിൽ ഈ കേന്ദ്രത്തിന്റെ ഡയറക്ടറും മലയാളവിഭാഗം അധ്യാപികയുമായ ലിറ്റി ചാക്കോ നടത്തുന്ന ഗവേഷണങ്ങളുടെ ഭാഗമായി നിരധി നേട്ടങ്ങൾ ഈ സെന്റർ കൈവരിച്ചിരുന്നു. മാധവന്റെ അപ്രകാശിതമായ കൃതി കണ്ടെടുക്കാനും ബ്രിട്ടീഷ് ലൈബ്രറിയുടെ പ്രൊജക്ടിൽ ചേർത്ത് പ്രസിദ്ധീകരിക്കുവാനും ഇവർക്ക് കഴിഞ്ഞു. സംഗമഗ്രാമമാധവന്റേതെന്ന് വിശ്വസിക്കപ്പെടുന്ന ഇല്ലത്തു നിന്നും രണ്ടു സുപ്രധാന ശിലാലിഖിതങ്ങളും വർഷങ്ങൾക്കു മുന്പു കണ്ടെത്തിയിരുന്നു.