യുവാവിനെ കാറില്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികള്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: പടിയൂര്‍ കെട്ടുചിറ ഷാപ്പിനടുത്ത് എസ്എന്‍പുരം സ്വദേശിയായ യുവാവ് മിഥുന്ലാലിനെ കാറില്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കാറും 60 ലിറ്റര്‍ വെളിച്ചെണ്ണയും 20,000 രൂപയും കവര്‍ന്ന കേസിലെ പ്രതികളെ തിരുവനന്തപുരം വിതുരയില്‍ നിന്നും അറസ്റ്റ് ചെയ്തു. കോമ്പാറ ചെറുപറമ്പില്‍ മിഥുന്(31), നടവരമ്പ് ചേമ്പരത്ത് സലേഷ് (28), കൊറ്റനെല്ലൂര്‍ ആലേങ്ങാടന്വീട്ടില് അരുണ്‍(26) എന്നിവരാണ് പിടിയിലായത്. സിഐ അനീഷ് കരീം, എസ്ഐ എം.എസ്. ഷാജന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റു ചെയ്തത്. ഈ മാസം അഞ്ചിന് ഇരിങ്ങാലക്കുട പടിയൂര്‍ കെട്ടുചിറ ഷാപ്പിനടുത്ത് വച്ചായിരുന്നു സംഭവം. സംഭവശേഷം മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് പ്രതികള്‍ കേരളത്തിലും തമിഴ്നാട്ടിലും ട്രെയിനുകളില്‍ മാറി മാറി സഞ്ചരിച്ചുവരികയായിരുന്നു. ഇടയില്‍ പ്രതികളിലൊരാള്‍ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത് സ്റ്റാറ്റസ് ഇട്ടത് മനസിലാക്കിയ പോലീസ് സ്റ്റാറ്റസ് പരിശോധിച്ചതില്‍ സ്ഥലം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനാണെന്ന് മനസിലാക്കി അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് തിരിച്ച് പ്രതികളുടെ ഫോട്ടോകള്‍ കാണിച്ച് അന്വേഷിച്ചതില്‍ അവിടത്തെ ഓട്ടോ ഡ്രൈവര്‍ പ്രതികളെ തിരിച്ചറിയുകയും അവരെ പൊന്മുടി ബസില്‍ കയറ്റിവിട്ടതായി പറയുകയും ചെയ്തു. തുടര്‍ന്ന് പൊന്മുടി റൂട്ടിലുള്ള നിരവധി ലോഡ്ജുകള്‍ പരിശോധിച്ചശേഷം വിതുരയിലെ ലോഡ്ജില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ സാഹസികമായി പിടികൂടി. സംഭവശേഷം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോഗ്രയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജു രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം സംസ്ഥാനത്തെ പല ജില്ലകളിലും സഞ്ചരിച്ച് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും ഫോണ്‍കോളുകളും കേന്ദ്രീകരിച്ച് നിരന്തരം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഈ കേസിലെ മിഥുന് മോഹന്‍ കൊലപാതകശ്രമം അടക്കം നാലോളം കേസുകളില്‍ പ്രതികളാണ്. ഈ കേസിലുള്‍പ്പെട്ട മറ്റു പ്രതികളായ സഞ്ജു, മനീഷ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എസ്ഐമാരായ സി.എം. ക്ലീറ്റസ്, കെ.ആര്. സുധാകരന്, പോലീസുകാരായ രാഹുല്‍ അമ്പാടന്‍, ഷംനാദ്, സബീഷ്, വിപിന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.