ഡെങ്കിപ്പനി ബാധിച്ചു യുവതി മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ബന്ധുക്കളുടെ പരാതി
ഇരിങ്ങാലക്കുട/പുതുക്കാട്: ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കു ഗുരുതര വീഴ്ചയെന്നു ബന്ധുക്കളുടെ പരാതി. പറപ്പൂക്കര തൊട്ടിപ്പാൾ പുളിക്കൽ വീട്ടിൽ അജിത് കുമാറിന്റെ ഭാര്യ ഷേർലി (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പനി ബാധിച്ച് മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിൽ ഷേർലിയെ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചെങ്കിലും മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നാണു ബന്ധുക്കളുടെ പരാതി.
പനി ബാധിച്ച ഷേർളിയെ പറപ്പൂക്കരയിലെ ആശുപത്രിയിലാണ് ആദ്യം കാണിച്ചത്.രക്തസമ്മർദം കുറയുകയും പനി കൂടുകയും ചെയ്തതോടെയാണ് ഡോക്ടറുടെ നിർദേശത്തെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഷേർളിയെ മാപ്രാണത്തെ ആശുപത്രിയിൽ എത്തിച്ചത്. രക്ത പരിശോധനയിൽ ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചതോടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇതിനിടെ രണ്ട് തവണ പ്ലേറ്റ് ലെറ്റിൻ്റെ അളവ് ക്രമാതീതമായി കുറയുകയായിരുന്നു.ഇതേ തുടർന്ന് പലതവണ ആശുപത്രി അധികൃതരെ വിവരമറിയിച്ചെങ്കിലും അവർ കാര്യമായ പരിശോധനകൾ നടത്തിയില്ലെന്ന് വീട്ടുകാർ പറയുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രി, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്കു പരാതി നൽകി. ആശുപത്രിയിൽ വേണ്ടത്ര സൗകര്യങ്ങളില്ലെന്നും മരണത്തിൽ ആശുപത്രിയിലെ ജീവനക്കാർക്കു സംഭവിച്ച വീഴ്ചയെ കുറിച്ചും അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസ് അന്വേഷണമാരംഭിച്ചു. തുടർനടപടികളുടെ ഭാഗമായി മെഡിക്കൽ കോളജിൽ പോസ്റ്റുമാർട്ടം നടത്തി. സംസ്കാരം നടത്തി. മക്കൾ: അഞ്ജിത, അഭിജിത്ത്. യുവതിയുടെ മരണത്തിൽ ചികിൽസാപ്പിഴവില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.