നാല് പതിറ്റാണ്ടിനുശേഷം ഇന്ത്യയിൽനിന്ന് പുതിയയിനം കുഴിയാനത്തുന്പികൾ
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഷഡ്പദ ഗവേഷണ കേന്ദ്രത്തിലെ (എസ്ഇആർഎൽ) ഗവേഷക സംഘം ഇന്ത്യയിൽനിന്ന് വലച്ചിറകൻ വിഭാഗത്തിലെ പുതിയയിനം രണ്ടു കുഴിയാനത്തുന്പികളെ കണ്ടെത്തി. ഒരു സ്പീഷിസിനെ കാസർഗോഡ് ജില്ലയിലെ റാണിപുരം, ഇടുക്കി ജില്ലയിലെ വള്ളക്കടവ്, മറയൂർ എന്നീ ഇടങ്ങളിലെ വനപ്രദേശത്തുനിന്നാണു കണ്ടെത്തിയത്. ടാക്സോണമിസ്റ്റും വലിച്ചിറകൻ പഠനത്തിലെ ഇന്ത്യയിലെ അതികായനുമായ ഡോ. സനത് കുമാർ ഘോഷിനോടുളള ബഹുമാനാർഥം നീമോലീയോണ് ഘോഷി എന്നാണു സ്പീഷീസിനു പേരിട്ടത്.
മറ്റൊരിനം കുഴിയാനത്തുന്പിയെ കണ്ണൂർ ജില്ലയിലെ മാടായിപ്പാറയിലാണു കണ്ടെത്തിയത്. ഈ പ്രദേശത്തെ വ്യത്യസ്ത ജൈവ സവിശേഷത മുൻനിർത്തി ഇവയ്ക്കു നീമോലീയോണ് മാടായിയെൻസിസ് എന്നു പേരിട്ടു. അന്താരാഷ്ട്ര ശാസ്ത്ര മാസികയായ സൂടാക്സയിലാണു കണ്ടെത്തൽ പ്രസിദ്ധീകരിച്ചത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം ഗവേഷകനായ ടി.ബി. സൂര്യനാരായണൻ, അസിസ്റ്റന്റ് പ്രഫ. ഡോ. ബിജോയ് സി., ഹംഗേറിയൻ ശാസ്ത്രജ്ഞൻ ലെവൻഡി അബ്രഹാം എന്നിവരാണു കണ്ടെത്തലിനു പിന്നിൽ.
സാധാരണ കാണുന്ന സൂചിത്തുന്പികളായി ഇവ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മുന്നോട്ടു നീണ്ടു നിൽക്കുന്ന സ്പർശനിയാണ് വ്യത്യസ്തത. അയഞ്ഞ മണ്ണിൽ കുഴികളുണ്ടാക്കാതെ പ്രതലത്തിലാണു ലാർവ കാണപ്പെടുക. ഇന്ത്യയിൽ നിന്നും ആദ്യമായാണിവയെ കണ്ടെത്തുന്നത്. കേരളത്തിൽനിന്നു കണ്ടെത്തുന്ന അഞ്ചാം ഇനം കുഴിയാനത്തുന്പിയും ഇന്ത്യയിൽനിന്നുള്ള 125-ാം ഇനം കുഴിയാനത്തുന്പിയുമാണിവ. കൗണ്സിൽ ഫോർ സയന്റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഗവേഷണ ഗ്രാന്റ് ഉപഗോഗിച്ചാണ് ഈ പഠനം നടത്തിയത്. ക്രൈസ്റ്റ് കോളജിലെ എന്റമോളജി ഗവേഷണ കേന്ദ്രത്തിൽ (എസ്ഇആർഎൽ) ഇത്തരം ജീവികളുടെ ഗവേഷണത്തിനു പ്രത്യേക ഉൗന്നലണ്ട്.