ശിലാസ്ഥാപനം നടത്തിയിട്ട് രണ്ടുവര്‍ഷം; പോലീസ് കണ്ട്രോള് റൂം തുറന്നില്ല, പഴയ സിഐ ഓഫീസ് കെട്ടിടം കാടുകയറിയ നിലയില്‍
ഇരിങ്ങാലക്കുട: ശിലാസ്ഥാപനം നടത്തി രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഇആര്‍എസ്എസ് (എമര്‍ജന്‍സി റെസ്പോണ്‍സ് ആന്‍ഡ് സപ്പോര്‍ട്ട് സിസ്റ്റം) പോലീസ് കണ്ട്രോള് റൂം തുറന്നില്ല. ഠാണാവിലെ പഴയ സിഐ ഓഫീസ് വളപ്പിലാണ് ഇആര്‍എസ്എസ് കണ്ട്രോള് റൂം നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്. 2021 ജൂണ്‍ 26ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഓണ്‍ലൈനായി ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ചത്. ഒരു കോടി രൂപ ചെലവില്‍ മൂന്ന് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടം ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പ്രഖ്യാപനം കഴിഞ്ഞ് രണ്ടു വര്‍ഷം പിന്നിട്ടിട്ടും ശിലാഫലകം സ്ഥാപിക്കലല്ലാതെ മറ്റൊരു പ്രവര്‍ത്തനവും നടന്നിട്ടില്ല. പഴയ സിഐ ഓഫീസ് കാടുകയറി ജീര്‍ണാവസ്ഥയിലെത്തിയ നിലയിലാണ്.
ഓഫീസിന്റെ മുന്‍വശത്തായി ജീപ്പുകള്‍ ഇട്ടിരുന്ന പാര്‍ക്കിംഗ് ഷെഡ് പൂര്‍ണാമയും നിലംപൊത്തി. പലയിടത്തും ഓടുകളും തകര്‍ന്നുപോയി. ശിലാസ്ഥാപനം നടത്തിയല്ലാതെ പദ്ധതിക്കായി രൂപരേഖ സമര്‍പ്പിക്കുകയോ അതിനുള്ള അനുമതി ലഭിക്കുകയോ ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. ഇതിനായി ബജറ്റില്‍ പദ്ധതി പ്രഖ്യാപിക്കുകയോ ടോക്കണ്‍ മണിയോ മറ്റ് ഫണ്ട് അനുവദിക്കുകയോ ചെയ്തിട്ടില്ല. സിഐ ഓഫീസ് കാട്ടുങ്ങചിറയിലേക്ക് മാറ്റുന്ന സമയത്ത് ഈ കെട്ടിടം ട്രാഫിക് യൂണിറ്റ് ആക്കി പ്രവര്‍ത്തിപ്പിക്കുവാനും നീക്കം നടന്നിരുന്നു.
തിരക്കേറിയ ടൗണില്‍ പോലീസിന്റെ 24 മണിക്കൂറും പോലീസിന്റെ സാന്നിധ്യം വേണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് ഇത്തരം നീക്കം നടത്തിയത്. ഇതിനായി ഈ കെട്ടിടത്തിനു മുന്നില്‍ ട്രാഫിക് യൂണിറ്റെന്ന ബോര്‍ഡും സ്ഥാപിച്ചിരുന്നു. പിന്നീടാണ് പോലീസ് കണ്ട്രോള് റൂം ആരംഭിക്കാനുള്ള തീരുമാനം ഉണ്ടായതും അതിനായി ശിലാസ്ഥാപനവും നടത്തിയത്.
അതേസമയം സിഐ ഓഫീസ് സ്ഥലത്ത് കണ്ട്രോള് റൂം നിര്‍മിക്കാന്‍ ശിലാസ്ഥാപനം നടത്തിയതിനെതിരെ അന്ന് വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി, കൂടല്‍മാണിക്യം ക്ഷേത്ര സംരക്ഷണസമിതി എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഠാണാവിലെ ജയില്‍ കെട്ടിടവും സിഐ ഓഫീസും ഇരിക്കുന്ന ഭൂമി കൂടല്‍മാണിക്യം ദേവസ്വത്തിന് വിട്ടു നല്‍കണമെന്നായിരുന്നു അവരുടെ ആവശ്യം. കൂടല്‍മാണിക്യം ദേവസ്വവും സ്ഥലം വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു.