23 വര്ഷം മുമ്പ് മരണമടഞ്ഞ വ്യക്തിക്ക് കെഎസ്ഇബിയുടെ കുടിശിക നോട്ടീസ്
ഇരിങ്ങാലക്കുട: 23 വര്ഷങ്ങള്ക്കു മുമ്പ് മണ്മറഞ്ഞ ഇരിങ്ങാലക്കുട കൊരുമ്പിശേരിയിലെ ഇടശ്ശേരി വീട്ടില് ഇ.ജി. പരമേശ്വരന് എന്നയാള്ക്ക് ഒറ്റത്തവണ തീര്പ്പാക്കല് പദ്ധതി പ്രകാരം കുടിശിക തീര്ക്കാനുള്ള അവസരം നല്കിക്കൊണ്ടുള്ള നോട്ടീസ് അയച്ച് ഇരിങ്ങാലക്കുട കെഎസ്ഇബി. നോട്ടീസ് പ്രകാരം 2009 മെയ് 4 മുതല് 2019 ജൂലൈ 30 വരെയുള്ള വൈദ്യുത ചാര്ജായ 613 രൂപയും, നാളിതു വരെ 18% നിരക്കിലുള്ള പലിശ 1441 രൂപയും ചേര്ത്ത് മൊത്തം 2054 രൂപയാണ് കുടിശികയായി കാണിച്ചിരിക്കുന്നത്. ഒറ്റത്തവണ തീര്പ്പാക്കല് പദ്ധതി പ്രകാരം 1042 രൂപ അടച്ചാല് മതി എന്നൊരു ഓഫറും കെഎസ്ഇബി മുന്നോട്ടു വെച്ചിട്ടുണ്ട്.
2000 ത്തില് മരണപ്പെട്ട പരമേശ്വരന്റെ പേരിലുള്ള കണ്സ്യൂമര് നമ്പറിലുള്ള കണക്ഷന് ഉള്പ്പെടുന്ന കെട്ടിടവും വസ്തുവും 2006ല് തന്നെ പരമേശ്വരന്റെ മരണശേഷം അവകാശികള് മറ്റൊരു വ്യക്തിയ്ക്ക് വില്പ്പന നടത്തിയിരുന്നു. 2009ല് പുതിയ സ്ഥലമുടമ പ്രസ്തുത കെട്ടിടം തന്നെ പൊളിച്ചു നീക്കുകയും ചെയ്തിരുന്നു. ഇപ്പോള് അവിടെ കെട്ടിടമൊന്നും ഇല്ല. സ്ഥലം മാത്രമേയുള്ളൂ. എന്നിട്ടും നീണ്ട 23 വര്ഷങ്ങള്ക്കിപ്പുറം കുടിശിക നിവാരണത്തിനുള്ള കെഎസ്ഇബിയുടെ അറിയിപ്പ് നോട്ടീസ് ലഭിച്ചതിലുള്ള അമ്പരപ്പിലാണ് തൊട്ടടുത്തു താമസിക്കുന്ന പരമേശ്വരന്റെ പിന്മുറക്കാര്. നോട്ടീസിലെ വീട്ടുപേര് കണ്ട് തപ്പി പിടിച്ചാണ് പോസ്റ്റ്മാന് ഈ നോട്ടീസ് ഇവരുടെ വീട്ടില് കൊണ്ടുകൊടുത്തത്.