ക്രൈസ്റ്റ് കോളജിന്റെ മുന്‍വശത്തുള്ള റോഡിന്റെ വെള്ളക്കെട്ടിന് ഒടുവില്‍ പരിഹാരമാകുന്നു
റോഡിന്റെ സൈഡ് ഉയര്‍ത്തി ടൈല്‍ വിരിച്ച് കാന നിര്‍മിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി
ഇരിങ്ങാലക്കുട: അയ്യായിരത്തില്‍ അധികം കുട്ടികള്‍ പഠിക്കുന്ന ക്രൈസ്റ്റ് കോളജിന്റെ മുന്‍വശത്തുള്ള റോഡിലെ വെള്ളക്കെട്ടിനും കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ ബസ് ഇറങ്ങുന്ന വിദ്യാര്‍ഥികള്‍ തട്ടിവീഴുന്ന അവസ്ഥയ്ക്കും ഒടുവില്‍ പരിഹാരമാകുന്നു. എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ച് റോഡിന്റെ സൈഡ് ഉയര്‍ത്തി ടൈല്‍ വിരിച്ച് ഐറിഷ് കാന നിര്‍മാണ പ്രവൃര്‍ത്തി ആരംഭിക്കുന്നതോടെയാണിത്. റോഡിന്റെ ഒരു വശത്ത് 193 മീറ്റര്‍ നീളത്തിലും 2.50 മീറ്റര്‍ ശരാശരി വീതിയിലും മറുവശത്ത് 17 മീറ്റര്‍ നീളത്തിലും 1.10 മീറ്റര്‍ വീതിയിലും 80 എംഎം കനമുള്ള ഇന്റര്‍ലോക്കിംഗ് ബ്ലോക്കുകള്‍ വിരിക്കലും 160 മീറ്റര്‍ നീളത്തില്‍ ഡ്രെയിന്‍ നിര്‍മാണവുമാണ് നടത്തുന്നത്. മറ്റത്തൂര്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റി എന്ന ഏജന്‍സിയാണ് പ്രവൃത്തി ഏറ്റെടുത്തിട്ടുളളത്.
കോളജിന്റെ മുന്‍വശത്ത് നടന്ന ചടങ്ങില്‍ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. കോളജ് സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട നിര്‍ദേശം കായികമന്ത്രി പരിഗണിക്കാമെന്ന് അറിയിച്ചിട്ടുള്ളതായി മന്ത്രി അറിയിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ്, ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാല്യേയക്കര, വാര്‍ഡ് കൗണ്‍സിലര്‍ ജെയ്സന് പാറേക്കാടന്‍, കോളജ് യൂണിയന് ജനറല്‍ സെക്രട്ടറി ശ്രീഹരി, ഇരിങ്ങാലക്കുട നഗരസഭ മുനിസിപ്പല്‍ എഞ്ചിനീയര്‍ ഗീതാകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.