കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ആരോപണവിധേയരുടെ പട്ടികയിലേക്ക് കൂടുതല്‍ പാര്‍ട്ടി നേതാക്കളും
പത്തോളം സഹകരണ ബാങ്കുകള്‍ ഇഡിയുടെ അന്വേഷണ പരിധിയില്‍
ഇരിങ്ങാലക്കുട: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ ആരോപണവിധേയരുടെ പട്ടികയിലേക്ക് കൂടുതല്‍ പാര്‍ട്ടി നേതാക്കളും. ചോദ്യം ചെയ്യപ്പെട്ടവരില്നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നേതാക്കള്‍ക്കതിരെ മൊഴി ലഭിച്ചത്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 300 കോടിയോളം രൂപ തട്ടിയെടുത്തെന്നായിരുന്നു പ്രാഥമിക കണ്ടെത്തല്‍.
കേസന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നതിനിടെ, തട്ടിയെടുത്ത കോടികള്‍ കൈമറിഞ്ഞ വഴികളും അതു കൈപ്പറ്റിയവരെയും കണ്ടെത്താനുള്ള നീക്കമാണ് ഇഡി ഇപ്പോള്‍ നടത്തുന്നത്. വായ്പ ലഭിച്ചവര്‍, ഇടനിലക്കാര്‍, ബിനാമികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരുടെ മറ്റു ബാങ്കുകളിലെ ഇടപാടുകളും വിശദമായി പരിശോധിക്കുന്നുണ്ട്.
ചില സഹകരണ സംഘങ്ങളില്‍ സ്ഥിരനിക്ഷേപം നടത്തിയവരുടെ പേരില്‍ വ്യാജരേഖകള്‍ ചമച്ചു നിക്ഷേപത്തുകയുടെ 90% വരെ വായ്പയായി തട്ടിച്ചെന്നും സൂചന ലഭിച്ചിട്ടുണ്ട്. നിക്ഷേപത്തുക പിന്‍വലിക്കാതെ മാസംതോറും പലിശ മാത്രം വാങ്ങുകയും കാലാവധി എത്തുമ്പോള്‍ പുതുക്കിവയ്ക്കുകയും ചെയ്യുന്നവരെ തെരഞ്ഞുപിടിച്ച് ഇവരുടെ പേരില്‍ വ്യാജ അപേക്ഷകള്‍ തയാറാക്കുകയാണു തട്ടിപ്പിന്റെ രീതി.
നിക്ഷേപത്തിന്റെ 90% വരെ ഈ അപേക്ഷകളുടെ മറവില്‍ വായ്പയായി പാസാക്കും. ഈ തുക വാങ്ങുന്നതും മറ്റ് അക്കൗണ്ടുകളിലേക്കു മറിക്കുന്നതും തട്ടിപ്പുകാര്‍ തന്നെയെന്നാണു സൂചന. ഇത്തരം ഇടപാടുകളുടെയെല്ലാം രേഖകള്‍ ഇഡി അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്.
പത്തോളം സഹകരണ ബാങ്കുകളാണ് ഇഡിയുടെ അന്വേഷണ പരിധിയിലുള്ളത്. വായ്പയായി തട്ടിയെടുത്ത തുകയില്‍ ഭൂരിഭാഗവും രാഷ്ട്രീയക്കാര്‍ക്ക് നല്‍കുന്നതിനായി നേതാക്കള്‍ക്ക് സ്വാധീനമുള്ള മറ്റു സഹകരണ ബാങ്കുകളെ ഇടപാടുകള്‍ക്ക് മറയാക്കിയിട്ടുണ്ട്.
പല നേതാക്കളുടെയും സഹകരണ ബാങ്ക് ജീവനക്കാരുടെയും കഴിഞ്ഞ ആറുമാസത്തെ ടെലിഫോണ്‍ സംഭാഷണങ്ങള്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സന്ദേശങ്ങള്‍, ശബ്ദ സന്ദേശങ്ങള്‍ എന്നിവയെല്ലാം എന്‍ഫോഴ്സ്മെന്റ് ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇവരെയെല്ലാം ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന.
കരുവന്നൂര്‍ ബാങ്ക്: ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ച മട്ടില്‍, ഇഡിയുടെ അന്വേഷണം നിര്‍ണായക വഴിതിരിവിലും
രണ്ട് വര്‍ഷമായിട്ടും കേസില്‍ കുറ്റപത്രം നല്കാന് പോലും കഴിഞ്ഞിട്ടില്ല
ക്രൈംബ്രാഞ്ചിന്റെയും ഇഡിയുടെയും അന്വേഷണം രണ്ടു ദിശകളില്‍
കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണകേസില്‍ ക്രൈംബ്രാഞ്ചിന്റെയും ഇഡിയുടെയും അന്വേഷണം രണ്ടു ദിശകളില്‍. ക്രൈംബ്രാഞ്ച് അന്വേഷണം ഏതാണ്ട് നിലച്ച നിലയിലാണ്. രണ്ട് വര്‍ഷമായിട്ടും കേസില്‍ കുറ്റപത്രം നല്കാന് പോലും കഴിഞ്ഞിട്ടില്ല. ഇഡിയുടെ അന്വേഷണം നിര്‍ണായക വഴിതിരിവിലുമാണ്.
ബാങ്ക് ഭരണസമിതി അംഗങ്ങള്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇഡിക്ക് പിടിവള്ളിയായത്. തട്ടിപ്പുനടത്തിയവര്‍ തങ്ങളെ കുടുക്കുകയായിരുന്നുവെന്നായിരുന്നു പരാതി. ഇഡി കള്ളപ്പണത്തെ കുറിച്ച് വിശദാന്വേഷണം നടത്തുമ്പോള്‍ ക്രൈംബ്രാഞ്ചിന് കാലിടറി. എന്നാല്‍ പിടിച്ചെടുത്ത രേഖകള്‍ ഇഡിക്ക് കൈമാറിയതോടെ അന്വേഷണം മുന്നോട്ട്പോകാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം.
വായ്പാതട്ടിപ്പുകേസുകളെ കുറിച്ചാണ് ക്രൈംബ്രാഞ്ച് വിവരം തേടിയിരുന്നത്. രണ്ടും രണ്ട്തരത്തിലുള്ള കുറ്റമാണെങ്കിലും ഇഡിക്കു നല്കിയ രേഖകള്‍ ലഭിച്ചാലേ ക്രൈംബ്രാഞ്ചിന് മുന്നോട്ട് പോകാനാകൂ. കള്ളപ്പണകേസിലെ മുഖ്യപ്രതി പി. സതീഷികുമാറിനെ നേരത്തെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരുന്നു. അതേസമയം ചോദ്യം ചെയ്ത് വിട്ടയച്ചു. മറ്റുപലരും പ്രതികളായപ്പോള്‍ സതീശന് ഒഴിവായി.
ബാങ്കില്‍ നിന്ന് വ്യാജ വായ്പ എടുത്തതിലും കള്ളപ്പണം വെളുപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. എന്നാല്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തെ നിര്‍വീര്യമാക്കി. അന്വേഷണം തുടങ്ങിയശേഷം 23 പ്രതികളെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്.
2021 ജൂലൈയിലാണ് വായ്പാതട്ടിപ്പു പരാതിയില്‍ കേസ് എടുത്തത്. ഒരാഴ്ചയ്്ക്കകം കേസ് ക്രൈംബ്രാഞ്ചിനു നല്കി സര്‍ക്കാര്‍ ഉത്തരവിട്ടു. കൂടുതല്‍ കാര്യക്ഷമമായി അന്വേഷണം നടക്കാനായിരുന്നു നടപടി. ബാങ്ക് ജീവനക്കാര്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവരടക്കമാണ് പ്രതികളായത്. ഇവരില്‍ പലരും റിമാന്‍ഡിലായി. വിവിധ ഘട്ടങ്ങളില്‍ പ്രതികള്‍ ജാമ്യത്തിലിറങ്ങി.
വ്യാജരേഖകള്‍ ചമച്ചു പലരും നടത്തിയ തട്ടിപ്പുകള്‍, വ്യാജ വിലാസത്തില്‍ വായ്പ അനുവദിച്ചതുള്‍പ്പടെ പരാതി ഇഡിക്കു ലഭിച്ചു. അതേ സമയം ഇക്കാര്യങ്ങളില്‍ നേതാക്കള്‍ക്കു പങ്കുണ്ടെന്ന കാര്യം സഹകരണവകുപ്പും ക്രൈംബ്രാഞ്ചും മറച്ചുവെചചുവെനാണ് പരാതി.
കുറ്റപത്രം നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്ന് പറഞ്ഞതല്ലാതെ കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. അതിനിടെ ഇഡി വന്നു. കള്ളപ്പണം വന്‍തോതില്‍ വെളുപ്പിച്ചുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഇഡി അന്വേഷണം. ഇതാണ് ചടുലനീക്കത്തിന് വഴിതുറന്നത്.
കരുവന്നൂര്‍ ബാങ്ക് ഇല്ലാത്ത സ്ഥലപരിശോധനയ്ക്ക് എഴുതിയെടുത്തത് 5.42 കോടി
107 കോടിയുടെ തട്ടിപ്പ് നടന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഭരണസമിതിയംഗങ്ങളും ജീവനക്കാരും പരിശോധനാ ഫീസിനത്തില്‍ എഴുതിയെടുത്ത് 5,42,36,559 രൂപ. കോടികളുടെ വ്യാജവായ്പ നല്‍കുന്നതിന് ഇല്ലാത്ത സ്ഥലം പരിശോധന നടത്തിയെന്ന് കാട്ടിയാണ് ഇത്രയും തുക വ്യാജബില്ലുകളിലൂടെ തട്ടിയെടുത്തത്.
ബാങ്കില്‍ വ്യാപക തട്ടിപ്പ് നടക്കുന്നണ്ടെന്ന് 2020ല്‍ കണ്ടെത്തുന്നതിന് മുമ്പുള്ള ആറു വര്‍ഷമാണ് ആയിരക്കണക്കിന് വൗച്ചറുകളിലൂടെ 5.42 കോടി തട്ടിയത്. പ്രവര്‍ത്തനപരിധി കടന്ന് തിരുവന്തപുരം മുതല്‍ വയനാട് വരെയുള്ള സ്ഥലങ്ങള്‍ ഈടുവെച്ചാണ് കോടികളുടെ വായ്പ എടുത്തിരുന്നത്. ഈ സ്ഥലങ്ങലിലേക്കുള്ള യാത്രച്ചെലവും അലവന്‍സും ചേര്‍ത്താണ് എഴുതിയെടുത്തത്.
30 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് പ്രാഥമികാന്വേഷണത്തില്‍ സഹകരണവകുപ്പ് കണ്ടെത്തിയത്. 300 കോടിയുടെ വായ്പക്കായി നല്കിയ സ്ഥലം ഈടില്‍ 80 ശതമാനത്തിലും യഥാര്ഥരേഖകളും സ്ഥലങ്ങളും ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. 40 ശതമാനം വായ്പകളില്‍ ഒരേ രേഖകളിലാണ് വിവിധ വായ്പകള്‍ നല്‍കിയിരുന്നത്.