നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ, പ്രതീകാത്മക സംസ്കാരം നടത്തി പ്രതിഷേധം
ഇരിങ്ങാലക്കുട: കുണ്ടും കുഴിയുമായ നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചു നാട്ടുകാർ. സമരം ഇരിങ്ങാലക്കുടക്കാരുടെ ഒറ്റക്കെട്ടായ പ്രതിഷേധമാണെന്നും സംഘാടകർ വ്യക്തമാക്കി. ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലാണ് നാട്ടുക്കാർ പ്രതിഷേധവുമായി ഒത്തു കൂടിയത്. ഇനി ഈ റോഡിൽ മരിക്കാൻ പോവുന്ന ജനങ്ങൾക്ക് വേണ്ടി പ്രതീകാത്മകമായി ശവസംസ്കാരം നടത്തി. വരും ദിവസങ്ങളിൽ മറ്റുള്ളവർക്ക് വന്ന് പ്രതിഷേധം അറിയിക്കാനും അനുശോചിക്കാനും വലിയ മെഴുക് തിരിയും സ്ഥാപിച്ചിട്ടുണ്ട്.
പരാതികൾ ഇരിങ്ങാലക്കുട എംഎൽഎ, നഗരസഭാ ചെയർ പേഴ്സണ്, തൃശൂർ കളക്ടർ എന്നിവർക്ക് രേഖാമൂലം കൊടുത്തിട്ടും വാക്കാലുള്ള ഉറപ്പല്ലാതെ നടപടികൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇരിങ്ങാലക്കുടയിൽ കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പിടൽ മെയ് മാസം അവസാനം തുടങ്ങിയതാണ്. ജൂണിൽ മഴ തുടങ്ങുമെന്നറിഞ്ഞിട്ടും യാതൊരു സുരക്ഷാ നടപടികളും പാലിക്കാതെ പ്രധാന റോഡുകൾ മുഴുവൻ കുത്തിപ്പൊളിച്ചിട്ട അധികൃതരുടെ നടപടിയിലാണ് പ്രതിഷേധം.
കാട്ടുങ്ങച്ചിറ -ഇരിങ്ങാലക്കുട റോഡ്, (ക്രൈസ്റ്റ് കോളജ് ജംഗ്ഷൻ മുതലുള്ള 100 മീറ്റർ), ബൈപ്പാസ് റോഡ്, ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിന്റെ വശത്തു കൂടെയുള്ള റോഡ്, ഫയർ സ്റ്റേഷനു മുന്പിലുള്ള റോഡ്, ക്രൈസ്റ്റ് കോളേജ് മുതൽ തൃശൂർ ഹൈവേ വരെയുള്ള റോഡ്, മാർവെൽ ജംഗ്ഷൻ മുതൽ ഉദയ ഹോസ്റ്റൽ വരെയുള്ള റോഡ് (ഇരിങ്ങാലക്കുടയിൽ നിന്ന് ചാലക്കുടി ഭാഗത്തേക്കുള്ള എല്ലാ വണ്ടികളും പോകുന്ന റോഡ്) എന്നീ പ്രധാന റോഡുകളാണ് മാസങ്ങളായി ശോചനീയാവസ്ഥയിലുള്ളത്.
കഴിഞ്ഞ ദിവസം സ്കൂട്ടറിൽ പോകുന്പോൾ റോഡിലെ കുഴിയിൽ വീണ സ്കൂട്ടർ യാത്രക്കാരിയായ ഷേർളിയെ, അപകടം കണ്ടിട്ടു വണ്ടി നിറുത്താതെ പലരും കടന്നു പോയപ്പോ ഓടിവന്ന് സഹായിച്ച ഓട്ടോ ഡ്രൈവർ ടി.കെ. ഉണ്ണികൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. ജീസ് ലാസർ, രാജീവ് മുല്ലപ്പിള്ളി, മിനി ജോസ് കാളിയങ്കര, മുസ്തഫ തോപ്പിൽ, ജോസ് വർഗീസ്, പ്രസാദ് കളരിക്കൽ, മനോജ് കേളംപറന്പിൽ, വിജിത്ത്, അനിൽ മേനാത്ത്, ജിയോ പോൾ, ഷബീർ കളക്കാട്ട് എന്നിവർ നേതൃത്വം നൽകി.