കരിങ്ങോളിലെ ഷട്ടര്‍ അടിയന്തരം, കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കണം: വാക്സറിന്‍ പെരേപ്പാടന്
പുത്തന്‍ചിറ പഞ്ചായത്തിലെ കരിങ്ങോള്‍ ശുദ്ധജല ചിറയില്‍ നിന്ന് പൊയ്യ പരപ്പിലെ ഉപ്പ് ജലത്തിലേക്ക് തുറക്കുന്ന, നിരന്തര തര്ക്കവേദിയായ കരിങ്ങോള്‍ ബണ്ട് സ്ലൂയിസില് മെക്കാനിക്കല്‍ റോളിംഗ് ഷട്ടര്‍ അടിയന്തരമായി സ്ഥാപിക്കണമെന്ന് നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ് പ്രസിഡന്റ് വാക്സറിന്‍ പെരേപ്പാടന് ആവശ്യപ്പെട്ടു. ഉപ്പ് വെള്ളം കയറുന്ന പ്രദേശമായതിനാല്‍ കര്‍ഷകരും കുടിവെള്ള സമിതിയും തമ്മില്‍ നിരന്തര തര്‍ക്കവിതര്‍ക്കങ്ങള്‍ ഉണ്ടാകുന്നു. രണ്ട് കൂട്ടരുടെ ഭാഗത്തും ഒരു പോലെ ന്യായം നിലനില്‍ക്കുന്നതിനാല്‍ ശാശ്വത പരിഹാരമായ മെക്കാനിക്കല്‍ റോളിംഗ് ഷട്ടര്‍ സംവിധാനം അത്യാവശ്യമാണ്.
ബണ്ട് കെട്ടിയാല്‍;
മാറിമറിയുന്ന കാലാവസ്ഥയും അതിവര്‍ഷവും മൂലം കരിങ്ങോള്‍ ചിറയിലെ ജലവിതാനം പെട്ടന്ന് ഉയര്‍ന്ന് വേളൂക്കര, മാള, പുത്തന്‍ചിറ പഞ്ചായത്തുകളിലെ നെല്‍കൃഷിക്ക് നാശമുണ്ടാകുന്നു.
ബണ്ട് കെട്ടിയില്ലെങ്കില്‍;
വേലിയേറ്റ സമയത്ത് ഉപ്പ് വെള്ളം കയറി ചിറയിലെയും പരിസര പ്രദേശത്തെയും കുടിവെള്ളമാകെ ഉപയോഗശൂന്യമാകുന്നു.
അതിനാല്‍ തന്നെ പലകയും മണ്ണും ഉപയോഗിച്ച് മാനുവലായി നിര്‍മ്മിക്കുന്ന തടയണ പലപ്പോഴും പൊളിച്ച് മാറ്റേണ്ടി വരുന്നു. ഇത് വന്‍ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നു. ഇരിങ്ങാലക്കുട മൈനര്‍ ഇറിഗേഷന്റെ കീഴില്‍ വരുന്ന സ്ളൂയിസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് പുത്തന്‍ചിറ പഞ്ചായത്താണ് എന്നതിനാല്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുള്ള വേണ്ടത്ര ക്രിയാത്മക ഇടപെടലുകള്‍ ഉണ്ടാകുന്നില്ല എന്ന് കര്‍ഷകര്‍ ആരോപിച്ചു. നെയ്തക്കുടി മുട്ടിക്കല്‍ ഭാഗത്ത് ഉടന്‍ വരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ചിരിക്കുന്ന ഷട്ടര്‍ സംവിധാനം എന്നത് പ്രശ്ന പരിഹാരത്തിന് അപര്യാപ്തമാണെന്നും, കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് യഥാര്‍ഥ വസ്തുതകള്‍ മനസിലാക്കി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയ്ക്കും ഇറിഗേഷന്‍ മിനിസ്റ്റര്‍ക്കും നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ് പരാതി നല്കി.