കരുവന്നൂര്‍ സഹകരണബാങ്കില്‍ വിശ്വാസമര്‍പ്പിച്ച് തൃശൂര്‍ ജില്ലാ ടൂറിസം ഡെവലപ്പ്മെന്റ് കൊഓപ്പറേറ്റീവ് സൊസൈറ്റി 20ലക്ഷം നിക്ഷേപിച്ചു
ഇരിങ്ങാലക്കുട: കോടികളുടെ സാമ്പത്തിക ക്രമക്കേടുകളും തട്ടിപ്പും നടന്ന കരുവന്നൂര്‍ സഹകരണബാങ്കില്‍ വിശ്വാസമര്‍പ്പിച്ച് തൃശൂര്‍ ജില്ലാ ടൂറിസം ഡെവലപ്പ്മെന്റ് കൊ ഓപ്പറേറ്റീവ് സൊസൈറ്റി. കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൊസൈറ്റി അധികൃതര്‍ ഒരു വര്‍ഷത്തേക്കായി 20 ലക്ഷം രൂപയാണ് ബാങ്കില്‍ നിക്ഷേപിച്ചത്. സഹകരണമേഖലയെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സൊസൈറ്റിയുടെ പ്രസിഡന്റ് അഡ്വ. അഷ്റഫ് സാബാന്‍, ഡയറക്ടറും മുന്‍ നഗരസഭ ചെയര്‍മാനുമായ കെ.ആര്. ജൈത്രന്‍, കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് അഡ്വ. എം. ബിജുകുമാര്‍, സെക്രട്ടറി പി.ജെ. സരിത എന്നിവര്‍ കരുവന്നൂര്‍ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ പി.കെ. ചന്ദ്രശേഖരന് ചെക്ക് കൈമാറി കൊണ്ട് പറഞ്ഞു.
കരുവന്നൂര്‍ ബാങ്കിന് 511 കോടി രൂപ ലഭിക്കാനുണ്ടെന്നും 282 കോടി രൂപയാണ് നല്കാന് ഉള്ളതെന്നും ഇതിനകം 77 കോടി രൂപ നല്കി കഴിഞ്ഞതായും 17 കോടി രൂപ ഉടന്‍ നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 കോടി രൂപയുടെ കണ്‍സോര്‍ഷ്യം രൂപീകരണം നവംബറില്‍ പൂര്‍ത്തിയാകുമെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി കരുവന്നൂര്‍ ബാങ്കിനെ സഹായിക്കാന്‍ ജില്ലയിലെ എല്ലാ സഹകരണ ബാങ്കുകളും തയ്യാറാണെന്നും അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ പി.പി. മോഹന്‍ദാസ്, എ.എം. ശ്രീകാന്ത് എന്നിവരും പങ്കെടുത്തു.