പടവില്‍ വെള്ളംകയറിയ നിലയില്‍: മോട്ടോര്‍ സ്ഥാപിക്കാനാകാതെ കര്‍ഷകര്‍, ബണ്ടുയരത്തില് ഉറപ്പുള്ള സ്ഥിരം ഷെഡ്ഡുകള്‍ നിര്‍മിക്കണമെന്ന് ആവശ്യം
മുരിയാട്: 30 എച്ച്പിയുടെ സബ്മേഴ്സിബിള്‍ മോട്ടോറുകള്‍ കിട്ടിയിട്ടും വെള്ളം കയറിക്കിടക്കുന്ന തകര്‍ന്ന ഷെഡ്ഡുകളില്‍ അവ സ്ഥാപിക്കാനാകാതെ കര്‍ഷകര്‍. പാടശേഖരങ്ങളില്‍ നിന്നും വെള്ളം കനാലിലേക്ക് പമ്പ് ചെയ്യാന്‍ മോട്ടോര്‍ ആവശ്യമാണ്.
മുരിയാട് കൃഷിഭവന് കീഴിലുള്ള 180 ഏക്കറിലേറെ വരുന്ന കരിംപാടത്ത് മുല്ലശേരിത്തറ, നരേപറമ്പില്‍ പാടശേഖരങ്ങളിലേക്കാണ് ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ അഗ്രി ഡിപ്പാര്‍ട്ട്മെന്റ് 30 എച്ച്പിയുടെ സബ്മേഴ്സിബിള്‍ മോട്ടോറുകളും വിലകൂടിയ വലിപ്പമുള്ള സ്റ്റാര്‍ട്ടറുകളും അനുവദിച്ചത്. എന്നാല്‍ മോട്ടോറുകള്‍ സ്ഥാപിക്കേണ്ട മുല്ലശേരിത്തറ, നരേപറമ്പില്‍, പടവുകളിലും ആറാംകുഴി പടവിലും കെഎല്‍ഡിസി നിര്‍മിച്ച ഷെഡ്ഡുകള്‍ വെള്ളം കയറിയും കാലപ്പഴക്കം കൊണ്ട് ജീര്‍ണാവസ്ഥയിലാണ്.
2007-ല്‍ മണല്സമരം നടന്ന സമയത്ത് തട്ടികൂട്ടി പണിത ഷെഡ്ഡുകള്‍ക്ക് മുകളില്‍ ഇട്ടിരുന്ന ഷീറ്റുകളെല്ലാം തുരുമ്പെടുത്ത് പോയതോടെ കര്‍ഷകര്‍ സ്വന്തമായി പണം ചെലവഴിച്ചാണ് ഇപ്പോഴുള്ള ഷീറ്റുകള്‍ ഇട്ടിരിക്കുന്നത്. നരേപ്പറമ്പില്, ആരാംകുഴി മോട്ടോര്‍ ഷെഡ്ഡുകള്‍ കര്‍ഷകര്‍ ചുറ്റിലും ഷീറ്റിട്ട് മറച്ചിട്ടുണ്ടെങ്കിലും ഷെഡ്ഡുകള്‍ വെള്ളത്തിലാണ്. കെഎല്‍ഡിസി കനാലിന് ഇരുവശത്തുമുള്ള ബണ്ടുകള്‍ ഉയര്‍ത്തിയതോടെ ഈ മൂന്ന് ഷെഡ്ഡുകളും വെള്ളത്തിലായി. ഇതില്‍ മുല്ലശേരി, നരേപറമ്പില്‍ എന്നീ പടവുകളിലേക്ക് 30 എച്ച്പിയുടെ മോട്ടോറുകള്‍ ലഭിച്ചതിന് പിന്നാലെ മേയ് മാസത്തില്‍ത്തന്നെ കണക്ഷനും കിട്ടി. എന്നാല്‍ വെള്ളംകയറി തുറന്നുകിടക്കുന്ന ഷെഡ്ഡുകളില്‍ മോട്ടോറും സ്റ്റാര്‍ട്ടറും എവിടെ സ്ഥാപിക്കുമെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്.
അറുപതിനായിരത്തോളം രൂപ വിലയുള്ള കേബിളുകളാണ് മോട്ടോറും സ്റ്റാര്‍ട്ടറും സ്ഥാപിക്കാന്‍ നല്‍കിയിരിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ കേബിളുകള്‍ ഷെഡ്ഡില്‍വച്ച് പോകാന്‍ കര്‍ഷകര്‍ക്ക് ധൈര്യമില്ല. കുറച്ചുകാലമായി പാടശേഖരങ്ങളില്‍ മോഷണം പെരുകുകയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു. പാടത്തെ ചീപ്പ് പലകകളില്‍ 150 കിലോ തൂക്കമുള്ള രണ്ട് ഷീറ്റുകളും 30 കിലോ തൂക്കമുള്ള ആറ് ഷീറ്റുകളും ഇതിനോടകം മോഷണം പോയി. ഈ സമയത്ത് സ്റ്റാര്‍ട്ടറും കേബിളും അടച്ചുറപ്പില്ലാത്ത സ്ഥലത്ത് വെറുതെ വെച്ചുപോകാന്‍ കഴിയില്ലെന്നും അതിനാൽ കേിള് പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചിരിക്കുകയാണെന്നും കര്‍ഷകര്‍ പറഞ്ഞു.ലക്ഷങ്ങള്‍ വിലയുള്ള സ്റ്റാര്‍ട്ടറും ഊരിവെച്ചിരിക്കുകയാണ്.
താത്കാലിക ഷെഡ്ഡുകള്‍ പൊളിച്ചുനീക്കി നിലവിലുള്ള ബണ്ടിന്റെ ഉയരത്തില്‍ പുതിയ അടച്ചുറപ്പുള്ള ഷെഡ്ഡുകള്‍ നിര്‍മിച്ചാല്‍ മാത്രമേ സ്റ്റാര്‍ട്ടറും മോട്ടോറും സ്ഥാപിക്കാന്‍ കഴിയുമെന്ന് കര്‍ഷകര്‍ പറഞ്ഞു.