ജ്യേഷ്ഠഭാര്യയെ വെട്ടികൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം
ഇരിങ്ങാലക്കുട: ജ്യേഷ്ഠഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. കടുപ്പശേരി വില്ലേജ് അവിട്ടത്തൂര്‍ യുവരശ്മി നഗറിലുള്ള പട്ടത്ത് വീട്ടില്‍ വേലായുധന് (63) എന്ന ഉണ്ണിച്ചെക്കനെ കുറ്റക്കാരനെന്നു കണ്ട് ജീവപര്യന്തം കഠിന തടവിനും 6000 രൂപ പിഴയൊടുക്കുന്നതിനും ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.എസ്. രാജീവ് ശിക്ഷ വിധിച്ചത്. കടുപ്പശേരി വില്ലേജ് അവിട്ടത്തൂര്‍ ദേശത്ത് പട്ടത്ത് വീട്ടില്‍ ച്യോതി ഭാര്യ അല്ലിയെ (59) വെട്ടികൊലപ്പെടുത്തിയ കേസിലാണു പ്രതി വേലായുധനെ കോടതി ശിക്ഷിച്ചത്. 2017 നവംബര്‍ 12 നാണു സംഭവം നടന്നത്. പ്രതിയുമായി അകന്നു കഴിഞ്ഞിരുന്ന പ്രതിയുടെ ഭാര്യയെയും മക്കളേയും അല്ലിയുടെ വീട്ടില്‍ നിര്‍ത്തി സംരക്ഷിക്കുകയും മറ്റും ചെയ്തതിനാല്‍ പ്രതിയുടെ ഭാര്യയോടും പ്രതിയുടെ ജേഷ്യഠന്റെ ഭാര്യയായ മരണപ്പെട്ട അല്ലിയോടും കടുത്ത വൈരാഗ്യമുണ്ടായിരുന്നു പ്രതിക്ക്. കുടുംബശ്രീ യോഗസ്ഥലത്തേക്കു നടന്നു പോകുകയായിരുന്ന അല്ലിയെ പ്രതിയുടെ വീടിനു സമീപത്തു വച്ച് തടഞ്ഞു നിര്‍ത്തി വെട്ടുകത്തി കൊണ്ടു തലയിലും വലതു തോളിലും വലതു നെറ്റിയിലും വലതു കൈയിലും വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചതില്‍ ഇയാളുടെ വലതു കൈപ്പത്തി അറ്റുപോയിട്ടുള്ളതാണ്. വെട്ടേറ്റു വഴിയില്‍ കിടന്നിരുന്ന അല്ലിയെ നാട്ടുകാരും മറ്റും ചേര്‍ന്ന് ആദ്യം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പിന്നീട് തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും അഡ്മിറ്റ് ചെയ്തിരുന്നതാണ്. തൃശൂര്‍ എലൈറ്റ് മിഷന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അല്ലി 2017 നവംബര്‍ 20 നു മരണപ്പെട്ടു. ആളൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന വി.വി. വിമല്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസില്‍ കൊടുങ്ങല്ലൂര്‍ ഇന്‍സ്പെക്ടറായിരുന്ന പി.സി. ബിജുകുമാര്‍ തുടരന്വേഷണം നടത്തി. ഇരിങ്ങാലക്കുട പോലീസ് ഇന്‍സ്പെക്ടറായിരുന്ന എം.കെ. സുരേഷ്കുമാറാണു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിക്ക് ഇന്ത്യന്‍ ശിക്ഷാനിയമം 341, 326 വകുപ്പുകള്‍ പ്രകാരം അഞ്ചു വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയൊടുക്കാനും, 302ാം വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവിനും 50,000 രൂപ പിഴയൊടുക്കാനുമാണു ശിക്ഷിച്ചത്. ദൃക്സാക്ഷികളുടെ തെളിവുകളും മരണപ്പെട്ട അല്ലി പ്രതിയുടെ മകന് മുമ്പാകെ നല്കിയ മരണമൊഴിയുടെയും പരിക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച വെട്ടുകത്തിയിലെ ഡിഎന്‍എ പരിശോധനാഫലവും ഉള്‍പ്പെടെ ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന് ഹാജരാക്കി. കേസില്‍ പ്രോസിക്യൂഷന് ഭാഗത്തുനിന്നും പ്രതിയുടെ മകന് ഉള്‍പ്പെടെ 27 സാക്ഷികളെ വിസ്തരിക്കുകയും 45 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിന് ഗോപുരന്‍, വി.എസ്. ദിനല്‍, കെ.എസ്. അര്ജുന് എന്നിവര്‍ ഹാജരായി.