ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് റോഡില്‍നിന്നും ടൗണ്‍ഹാള്‍ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് അപകടഭീഷണിയായി സ്ലാബുകള്‍
ഇരിങ്ങാലക്കുട : ടൗണ്‍ഹാള്‍-ബസ് സ്റ്റാന്‍ഡ് ഭാഗത്ത് റോഡിലേക്ക് ചെരിഞ്ഞുനില്‍ക്കുന്ന സ്ലാബുകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ടൗണ്‍ ഹാള്‍ റോഡില്‍നിന്ന് ഠാണ ബസ് സ്റ്റാന്‍ഡ് റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് നാല് സ്ലാബുകള്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായി കിടക്കുന്നത്. സദാസമയവും വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോകുന്ന തിരക്കേറിയ ഭാഗമാണിത്. ഠാണ റോഡില്‍നിന്ന് വീതി കുറഞ്ഞ ടൗണ്‍ ഹാള്‍ റോഡിലേക്ക് തിരിഞ്ഞുപോകുന്ന ഭാഗത്തുള്ള ഈ കലുങ്കുകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
ഏറെ തിരക്കേറിയ ഈ റോഡില്‍ ഇരുചക്രവാഹനങ്ങള്‍ സ്ലാബില്‍ തടഞ്ഞു വീഴുന്നതു പതിവാണെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. വാഹനം ചേര്‍ത്ത് തിരിക്കുമ്പോള്‍ സ്ലാബില്‍ തട്ടി മറയുന്ന പ്രതീതിയാണെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. എത്രയും വേഗം സ്ലാബുകള്‍ നീക്കി റോഡിലെ തടസ്സങ്ങള്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. മാര്‍ഗതടസ്സമുണ്ടാക്കുന്ന തരത്തില്‍ നില്ക്കുന്ന സ്ലാബുകള്‍ വൈകാതെതന്നെ നീക്കുമെന്ന് നഗരസഭ വ്യക്തമാക്കി.