ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: നാട്ടുകാര്‍ ജനകീയമുന്നേറ്റം രൂപവത്കരിച്ച് പ്രക്ഷോഭത്തിലേക്ക്
ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലുള്ള ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെ അവഗണിക്കുന്ന കേന്ദ്രസംസ്ഥാന നിലപാടുകള്‍ക്കെതിരേ ജനകീയമുന്നേറ്റം രൂപവത്കരിച്ച് സമരത്തിനൊരുങ്ങുന്നു. രണ്ടുപതിറ്റാണ്ടു മുന്‍പ് റെയില്‍വേ സ്റ്റേഷന് വികസനത്തിനായി രൂപവത്കരിച്ച ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസന കര്‍മസമിതിയാണ് വീണ്ടും പുനഃസംഘടിപ്പിച്ചിരിക്കുന്നത്. നിരന്തരസമരത്തിലൂടെ നേടിയെടുത്ത വികസനപ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ഒരു വികസനവും റെയില്‍വേ സ്റ്റേഷന് ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണു സമിതി പുനഃസംഘടിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യസംഘാടകനായ വര്‍ഗീസ് തൊടുപറമ്പില്‍ പറഞ്ഞു.
25 വര്‍ഷം മുന്‍പ് റെയില്‍വേ നല്കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുക, പ്രധാനപ്പെട്ട ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക, സ്റ്റേഷന്റെ രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ അടിസ്ഥാന സൗകര്യങ്ങളായ ശുചിമുറിയോ വിശ്രമകേന്ദ്രമോ കാന്റീനോ തുടങ്ങാനുള്ള നടപടി സ്വീകരിക്കുക, റിസര്‍വേഷന്‍ കൗണ്ടര്‍ പുനരാരംഭിക്കുക തുടങ്ങിയവയാണ് ആവശ്യം. 1989ല്‍ നിരന്തരമായി സമരങ്ങള്‍ നടന്നതിന്റെ അടിസ്ഥാനത്തില്‍ കര്‍മസമിതിയുടെ ആവശ്യപ്രകാരം അന്ന് വി.കെ. രാജന് എംഎല്‍എ നിയമസഭയില്‍ സബ്മിഷന് അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് കെ. കരുണാകരന് സജീവമായി ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണു റെയില്‍വേ സ്റ്റേഷനില്‍ ഇന്നു കാണുന്ന വികസനങ്ങളെല്ലാം വന്നതെന്ന് വര്‍ഗീസ് തൊടുപറമ്പില്‍ പറഞ്ഞു.
ഇന്ന് എംപി, എംഎല്‍എ അടക്കമുള്ള ഒരു ജനപ്രതിനിധിയും ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനത്തിനായി ഒരു നടപടിയും നടത്തിയിട്ടില്ല. ഇരിങ്ങാലക്കുടയ്ക്കു വേണ്ടി രാഷ്ട്രീയ സമ്മര്ദമുണ്ടാകാത്തതാണ് ഈ അവഗണനയ്ക്ക് കാരണം. ഈ സാഹചര്യത്തില്‍ സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഭീമഹര്‍ജി തയാറാക്കി റെയില്‍വേക്കും എംപി, മന്ത്രി അടക്കമുള്ള ജനപ്രതിനിധികള്‍ക്കും നല്‍കും. നവംബര്‍ ആദ്യവാരത്തില്‍ ഇരിങ്ങാലക്കുടയില്‍ പൊതുയോഗം സംഘടിപ്പിക്കും. അതില്‍ അടുത്ത ലോക്സഭാ സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ള മൂന്നുപേരെ പങ്കെടുപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കര്‍മസമിതി ഭാരവാഹികള്‍ പറഞ്ഞു.
സമിതി ഭാരവാഹികളായി വര്‍ഗീസ് പന്തല്ലൂക്കാരന്‍ -പ്രസിഡന്റ്, പി.എം. മീരാസ -സെക്രട്ടറി, കെ.കെ. പോളി (വെെസ് പ്രസിഡന്റ്), ഉണ്ണികൃഷ്ണന് പുതുവീട്ടില്‍, ഡെന്നി കെ. വര്‍ഗീസ് -ജോയിന്റ് സെക്രട്ടറി, ഷോബി -ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.