കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപിച്ച തുക തിരികെ ലഭിക്കുവാന്‍ ജോഷി കരുവന്നൂരില്‍ നിന്നും കലക്ടറേറ്റിലേക്ക് നടത്തമാരംഭിച്ചു
ഇരിങ്ങാലക്കട : കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപിച്ച തുക തിരികെ ലഭിക്കുവാന്‍ ജോഷി കരുവന്നൂരില്‍ നിന്നും കലക്ടറേറ്റിലേക്ക് നടത്തമാരംഭിച്ചു. ഇന്നു രാവിലെ ഏഴുമണിയോടെ കരുവന്നൂര്‍ ബാങ്കിനു മുന്നില്‍ നിന്നാണ് നടത്തമാരംഭിച്ചത്. കരുവന്നൂര്‍ സഹകരണസംഘത്തിലെ തട്ടിപ്പുകള്‍ പുറത്തായതിനെത്തുടര്‍ന്ന് ജീവിതം വഴിമുട്ടിയവരുടെ നിരവധി മനുഷ്യരുടെ പ്രതീകമായാണ് നിക്ഷപകനായ ജോഷി ഒറ്റയാള്‍ പോരാട്ടവുമായി രംഗത്തുള്ളത്. പഠനക്കാലത്ത് എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നിവയുടെ സജീവ പ്രവര്ത്തകന് കൂടിയായിരുന്നു നീതിക്കായി പോരാടുന്ന മാപ്രാണം വടക്കേത്തല വീട്ടില്‍ ജോഷി (53).
ബാങ്കിനു മുന്നില്‍ വച്ച് ടിഎന്‍ പ്രതാപന് എംപി ഷാള്‍ അണിയിക്കുകയും ഗാന്ധിചിത്രം സമ്മാനിക്കുകയും ചെയ്തു. മുന്‍ എംഎല്‍എ അനില്‍ അക്കര, നഗരസഭാ ചെയര്‍പേഴ്സണ്‍ സുഞ്ജീവ് കുമാര്‍, മുന്‍ ജില്ലാന പഞ്ചായതത് പ്രസിഡന്റ് കെ.കെ ശ്രീകുമാര്‍, ജില്ലാ സെക്രട്ടറി ആന്റോ പെരുമ്പിള്ളി, മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍, കൗണ്‍സിലര്‍മാരായ എം ആര് ഷാജു.എഎസ് അജിത് കുമാര്‍, കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഷാറ്റോ കുരിയന്‍, ബ്ലോക്ക് ഭാരവാഹികളായ കെസി ജെയിംസ്, കെകെ അബ്ദുള്ളക്കുട്ടി, എകെ മോഹന്‍ദാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
കുടുംബാംഗങ്ങള്‍ക്ക് അവകാശപ്പെട്ടത് ഉള്‍പ്പെടെ 90 ലക്ഷം രൂപയാണ് ജോഷി മാപ്രാണം ശാഖയില്‍ നിക്ഷേപിച്ചിരിക്കുന്നത്. വില്പനയ്ക്കു വച്ച വീട്ടിലാണ് ഇപ്പോള്‍ ജോഷിയുടെ താമസം. തുക തിരികെക്കിട്ടാനും ബാങ്കിലെ ഇന്നുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റ രീതിയില്‍ പ്രതിഷേധിച്ചുമാണ് സമരം. സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമായി 82.58 ലക്ഷം രൂപ ഇനിയും കിട്ടാനുണ്ടെന്ന് ജോഷി ചൂണ്ടിക്കാട്ടുന്നു. കരാറുകാരനായ ജോഷി അപകടത്തെ തുടര്‍ന്ന് എട്ട് വര്‍ഷം കിടപ്പിലായിരുന്നു. ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു. നിക്ഷേപങ്ങള്‍ കിട്ടാത്തത് കൊണ്ട് കരാര്‍ പണികള്‍ എറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വട്ടിപലിശയ്ക്ക് പണം എടുത്തതിന്റെ ബാധ്യതകളെ തുടര്‍ന്ന് പതിമൂന്ന് വര്‍ഷം മുമ്പ് നിര്‍മ്മിച്ച വീട് വില്‍ക്കേണ്ട അവസ്ഥയില്‍ കൂടിയാണ്. ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നും മോശമായ സമീപനമാണെന്ന് ജോഷി പറയുന്നു. സജീവ പാര്‍ട്ടി പ്രവര്‍ത്തനം നിറുത്തിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇപ്പോള്‍ ഇടതുപക്ഷ സഹയാത്രികനല്ല ഇടതുപക്ഷക്കാരന് തന്നെയാണെന്നും ഇടതുപക്ഷത്തോട് ചേര്‍ന്നുള്ള യാത്ര തന്നെയാണെന്നും ജോഷി ഉറപ്പിച്ച് പറയുന്നു. ബാങ്കില്‍ പ്രതിസന്ധി ഉടലെടുത്ത വിവരം 2020 ല്‍ താന്‍ ബാങ്കില്‍ ആറ് ലക്ഷം രൂപ നിക്ഷേപിച്ച ഘട്ടത്തില്‍ ബാങ്ക് അധികൃതര്‍ തന്നോട് ഇക്കാര്യം മറച്ച് വച്ചതായും വേദനയോടെ ജോഷി പറയുന്നു. നീതിക്ക് വേണ്ടിയുള്ള പോരാട്ടം വിരാമമില്ലാതെ തുടരുമെന്ന് ജോഷി വ്യക്തമാക്കുന്നു. രണ്ടു വര്‍ഷത്തിനിടെ ജോഷിയുടെയും കുടുംബത്തിന്റെയും പലിശയിനത്തില്‍ മാത്രം ബാങ്ക് കവര്‍ന്നത് 11 ലക്ഷത്തോളം രൂപയാണ്. ഇതുപോലെ നിരവധി പേരോടാണ് ഇപ്പോഴും തട്ടിപ്പും തരികിടയുമായി ജീവനക്കാരും അവരെ നയിക്കുന്ന നേതാക്കളും ചെയ്തുകൊണ്ടിരിക്കുന്നത്. ഹൈക്കോടതിയില്‍ ജോഷിക്കെതിരെ വാദിച്ചത് ബാങ്കിന്റെ വക്കീലിനൊപ്പം സഹകരണവകുപ്പിന്റെയും സര്‍ക്കാരിന്റെ വക്കീലും കൂടിയാണ്.
ഒരാള്‍ സഹകരണബാങ്കില്‍ വിശ്വസിച്ചു നിക്ഷേപിച്ച തുക തിരിച്ചു ചോദിച്ചാല്‍, ഖജനാവില്‍ നിന്നും പണമെടുത്ത് അയാള്‍ക്കെതിരെ വാദിക്കുന്ന സര്‍ക്കാരിന്റെ കപടമാന്യതയും തെമ്മാടിത്തവും ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണന്ാണ ജോഷി പറയുന്നത്. തന്റെയും കുടുംബത്തിന്റെയും നീക്കിയിരിപ്പ് മുഴുവനും കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിക്കുകയും പലതവണ ചോദിച്ചിട്ടും തിരിച്ചു കിട്ടാതാവുകയുമുണ്ടായപ്പോള് അടുത്ത സുഹൃത്തായിരുന്ന പാര്‍ട്ടി നേതാവിന്റെ നിര്‍ദ്ദേശപ്രകാരം ഹൈക്കോടതിയില്‍ കേസ് നടത്തുകയും ചെയ്തു. ഒന്നര വര്‍ഷത്തോളം കേസ് നടത്തിയിട്ടും നീതി ലഭിച്ചീട്ടില്ലെന്നു ജോഷി പറയുന്നു.