മണിപ്പൂരിലെ 12 വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ടിത കോഴ്സുകള്‍ പഠിക്കുവാന്‍ അവസരമൊരുക്കി പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഐടിഐ
ഇരിങ്ങാലക്കുട: മണിപ്പൂരില്‍ നിന്നുള്ള 12 വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ടിത കോഴ്സുകള്‍ പഠിക്കുവാന്‍ പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഐടിഐ അവസരം ഒരുക്കുന്നു. മണിപ്പൂരിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് പ്രവേശനം നല്‍കുന്നത്. ഇതു സംബന്ധിച്ച് സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി. വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം തൊഴിലും നൈപുണ്യവും വകുപ്പാണ് മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പഠിക്കുവാന്‍ അനുമതി നല്‍കിയത്.
മെക്കാനിക്ക് മോട്ടോര്‍ വൈക്കിള്‍, ഇലക്ട്രിഷ്യന്‍ ട്രേഡുകളിലേക്കാണ് പ്രവേശനം നല്‍കുന്നത്. 20232024 വര്‍ഷത്തിലെ രണ്ടു വര്‍ഷത്തെ കോഴ്സുകളിലേക്കാണ് ഇവര്‍ക്ക് പ്രവേശനം. ഈ 12 വിദ്യാര്‍ഥികളെ ജാലകം പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിനും അവരുടെ അഡ്മിഷന് ക്ലോസിംഗ് നടപടി പൂര്‍ത്തിയാക്കുന്നതിനും ട്രെയിനിംഗ് ഡയറക്ടര്‍ക്ക് പ്രത്യേക അനുമതി നല്കി. മണിപ്പൂരിലെ ആദിവാസിമേഖലയിലെ നിര്‍ധനരായവരാണ് ഈ 12 വിദ്യാര്‍ഥികള്‍. മണിപ്പൂരിലെ സ്കൂളില്‍ ഇന്റര്‍വ്യൂ നടപടികള്‍ പൂര്‍ത്തീയാക്കിയിട്ടുണ്ട്.
നവംബര്‍ രണ്ടാം വരത്തില് ഇവര്‍ പുല്ലൂരില്‍ എത്തിചേരും. കാമ്പസിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ഇവര്‍ക്ക് താമസ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. പഠനവും താമസവും ഭക്ഷണവും തുടങ്ങി എല്ലാം ഇവര്‍ക്ക് സൗജന്യമായാണ് നല്‍കുന്നത്. സിഎംഐ സഭയുടെയും മാനേജുമെന്റിന്റെയും സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായാണ് ഇവര്‍ക്ക് ഇത്തരത്തില്‍ അവസരം നല്‍കുന്നതെന്ന് മാനേജര്‍ ഫാ. ജോയ് വട്ടോളി സിഎംഐ, പ്രിന്‍സിപ്പല്‍ ഫാ. യോശുദാസ് കൊടകരക്കാരന്‍ സിഎംഐ എന്നിവര്‍ പറഞ്ഞു.