ദേശീയ ഗെയിംസില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സിന്റെ മിന്നും താരങ്ങള്‍
ഇരിങ്ങാലക്കുട: ഗോവയില്‍ വച്ച് നടന്ന 37-ാ മത് ദേശീയഗെയിംസില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ നിന്നും കേരളത്തെ പ്രതിനിധീകരിച്ച് മൂന്നുപേര്‍ പങ്കെടുത്തതില്‍ മൂന്നു പേരും മെഡലുകള്‍ കരസ്ഥമാക്കി മിന്നും പ്രകടനം കാഴ്ചവച്ചു.
കേരളം ബാസ്കറ്റ്ബോള്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയപ്പോള്‍ സെന്റ് ജോസഫ്സ് കോളജിലെ രണ്ടാംവര്‍ഷ എംഎ എക്കണോമിക്സ് വിദ്യാര്‍ഥിനിയായ ആന്മരിയ ജോണിയും രണ്ടാംവര്‍ഷ ബിഎ എക്കണോമിക്സ് വിദ്യാര്‍ഥിനിയായ ആഷ്ലിന് ഷിജുവും ടീമിലുണ്ടായിരുന്നു.
കൊരട്ടി സ്വദേശിനിയായ ആന്മരിയ ജോണി നിരവധി തവണ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ഓള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. കണ്ണൂര്‍ ചന്ധനക്കാംമ്പാറ സ്വദേശിയായ ആഷ്ലിന് ഷിജു ജൂണിയര്‍ ഇന്‍ഡ്യന്‍ ക്യാമ്പില്‍ പങ്കെടുത്തിട്ടുണ്ട്. മലേഷ്യന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് മത്സരമായ പെന്‍കാക്ക് സിലാത്തിലാണ് ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ എം.എസ്. ആതിര വെള്ളിമെഡല്‍ കരസ്ഥമാക്കിയത്. കോഴിക്കോട് സ്വദേശിയായ ആതിര കഴിഞ്ഞതവണ സീനിയര്‍ നാഷണല്‍ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ ജേതാവായിരുന്നു. 85-100 കിലോഗ്രാം വിഭാഗത്തിലാണ് ആതിര വെള്ളി നേടിയത്.