സംഗമഗ്രാമമാധവനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ വിലയിരുത്തി, യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് ചെയര്മാന് പ്രഫ. എം. ജഗദേഷ് കുമാര്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ മാനുസ്ക്രിപ്റ്റ് റിസര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗവേഷണങ്ങളുടെ ഭാഗമായി കല്ലേറ്റുംകരയിലെ ഇരിങ്ങാടപ്പിള്ളി മന യുജിസി ചെയര്മാന് പ്രഫ. എം. ജഗദേഷ് കുമാര്‍ സന്ദശിച്ചു. ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന അധ്യാപിക ലിറ്റി ചാക്കോയുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. മനയിലെ താമസക്കാരായ രാജ് കുമാര്‍, നാരായണന് എന്നിവരുമായി സംസാരിച്ചു.
പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗണിതജ്ഞനാണ് സംഗമഗ്രാമമാധവന്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ അധ്യാപിക ലിറ്റി ചാക്കോ നേതൃത്വം നല്കുന്ന പുരാരേഖാ ഗവേഷണകേന്ദ്രം നടത്തിയ ഗവേഷണങ്ങള്‍ ദേശീയശ്രദ്ധ നേടിയിരുന്നു. ദേശീയ വിദ്യാഭ്യാസനയത്തിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജൂലൈ മാസത്തില്‍ ഡല്‍ഹിയില്‍ വച്ചുനടന്ന പ്രദര്‍ശനത്തില്‍ യുജിസിയുടെ ക്ഷണം ലഭിച്ച കേരളത്തില്‍നിന്നുള്ള ഏക കലാലയവും സെന്റ് ജോസഫ്സ് ആയിരുന്നു. ഈ വിഷയം ഗൗരവത്തോടെ കാണണമെന്നും മേല്‍നോട്ടം നടത്തണമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്മ്മേന്ദ്രപ്രധാന് യുജിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് യുജിസി ചെയര്മാന് ഈ സ്ഥലം സന്ദര്‍ശിച്ചത്.
സെന്റ് ജോസഫ്സില്‍ ഒരുക്കിയിട്ടുള്ള സ്ക്രിപ്റ്റ് ഗാര്‍ഡനില്‍ അദ്ദേഹം വൃക്ഷത്തെ നട്ടു. മാനുസ്ക്രിപ്റ്റ് റിസര്‍ച്ച് സെന്റര്‍ സന്ദര്‍ശിച്ച അദ്ദേഹത്തിനു മുമ്പില്‍ താളിയോല പരിപാലനം, പുരാരേഖാ സംരക്ഷണം, പുരാലിപി സംരക്ഷണം, ബ്രിട്ടീഷ് ലൈബ്രറി സ്റ്റാന്‍ഡേര്‍ഡ് കാറ്റലോഗിംഗ് തുടങ്ങിയവ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ നോളജ് സിസ്റ്റം മുന്നോട്ടു വയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ഇത്തരം ഇടപെടലുകള്‍ അനിവാര്യമാണെന്ന് അദ്ദഹം ഓര്‍മിപ്പിച്ചു. ദേശീയവിദ്യാഭ്യാസനയം രൂപം കൊള്ളുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ ഈ മേഖലയില്‍ ഈ സെന്റര്‍ ഗവേഷണം ആരംഭിച്ചിട്ടുണ്ട്. ഗവേഷണത്തില്‍ യുജിസി നടത്തുന്ന ഇടപെടലുകള്‍ ക്രിയാത്മകവും കൃത്യതയാര്ന്നതുമാണെന്ന് ഗവേഷകയും അധ്യാപികയുമായ ലിറ്റി ചാക്കോ പറഞ്ഞു. യുജിസി ചെയര്മാന് തന്നെ ഈ വിഷയത്തില്‍ നേരിട്ടെത്തിയതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍. ബ്ലെസ്സി പറഞ്ഞു.