പതിമൂന്നാമത് തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രമേള സമാപിച്ചു
ഇരിങ്ങാലക്കുട: റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിത ഐടി പ്രവൃത്തിപരിചയമേളയുടെ സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് സമ്മാനദാനം നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്മാന്മാരായ ഫെനി എബിന് വെള്ളാനിക്കാരന്‍, ജെയ്സണ്‍ പാറേക്കാടന്‍, കൗണ്‍സിലര്‍ അഡ്വ. കെ.ആര്. വിജയ, എഇഒ ഡോ. എം.സി. നിഷ, കെ.ആര്. സത്യപാലന്, ഇരിങ്ങാലക്കുട ജിജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോണ്‍, ബി. സജീവ് എന്നിവര്‍ പ്രസംഗിച്ചു.
ശാസ്ത്രമേള കൊടുങ്ങല്ലൂരിന് ഓവറോള്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ നടന്നുവന്ന ജില്ലാ ശാസ്ത്രമേളയില്‍ 1234 പോയിന്റോടെ കൊടുങ്ങല്ലൂര്‍ ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. 1144 പോയിന്റ് നേടിയ തൃശൂര്‍ ഈസ്റ്റിനാണ് രണ്ടാം സ്ഥാനം. 1103 പോയിന്റോടെ ഇരിങ്ങാലക്കുട ഉപജില്ല മൂന്നാമതെത്തി. സ്കൂള്‍ വിഭാഗത്തില്‍ 346 പോയിന്റ് നേടിയ പനങ്ങാട് എച്ച്എസ്എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 284 പോയിന്റോടെ ചെന്ത്രാപ്പിന്നി എച്ച്എസ് രണ്ടാം സ്ഥാനവും 258 പോയിന്റോടെ മമ്മിയൂര്‍ എല്‍എഫ്സിജിഎച്ച്എസ്എസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
വിവിധ വിഭാഗങ്ങളില്‍ ആദ്യമൂന്ന് സ്ഥാനം നേടിയവര്‍
പ്രവൃത്തിപരിചയമേള:
ഹൈസ്കൂള്‍ വിഭാഗം
തൃശൂര്‍ വെസ്റ്റ് 369
കൊടുങ്ങല്ലൂര്‍ 350
മാള 327
ഹയര്‍ സെക്കന്‍ഡറി വിഭാഗം
കൊടുങ്ങല്ലൂര്‍ 367
ഇരിങ്ങാലക്കുട 318
തൃശൂര്‍ വെസ്റ്റ് 290
ഗണിതശാസ്ത്രമേള:
ഹൈസ്കൂള്‍ വിഭാഗം
കുന്നംകുളം 131
തൃശൂര്‍ ഈസ്റ്റ് 122
കൊടുങ്ങല്ലൂര്‍ 116
ഹയര്‍ സെക്കന്‍ഡറി വിഭാഗം
കൊടുങ്ങല്ലൂര്‍ 150
തൃശൂര്‍ ഈസ്റ്റ് 138
ചാവക്കാട് 104
ഐടി മേള:
ഹൈസ്കൂള്‍ വിഭാഗം
തൃശൂര്‍ വെസ്റ്റ് 53
തൃശൂര്‍ ഈസ്റ്റ്, കൊടുങ്ങല്ലൂര്‍, വലപ്പാട് 51
ഇരിങ്ങാലക്കുട 50
ഹയര്‍ സെക്കന്‍ഡറി വിഭാഗം
തൃശൂര്‍ ഈസ്റ്റ് 73
ചാലക്കുടി 64
ഇരിങ്ങാലക്കുട 57
ശാസ്ത്രമേള:
ഹൈസ്കൂള്‍ വിഭാഗം
ഇരിങ്ങാലക്കുട 45
വലപ്പാട് 44
കൊടുങ്ങല്ലൂര്‍ 43
ഹയര്‍ സെക്കന്‍ഡറി വിഭാഗം
വലപ്പാട്, ഇരിങ്ങാലക്കുട 37
കൊടുങ്ങല്ലൂര്‍, തൃശൂര്‍ വെസ്റ്റ് 35
വടക്കാഞ്ചേരി 33
സാമൂഹ്യശാസ്ത്രമേള:
ഹൈസ്കൂള്‍ വിഭാഗം
തൃശൂര്‍ ഈസ്റ്റ് 59
വടക്കാഞ്ചേരി 53
ചേര്‍പ്പ് 51
ഹയര്‍ സെക്കന്‍ഡറി വിഭാഗം
തൃശൂര്‍ ഈസ്റ്റ് 51
വലപ്പാട് 44
ചാലക്കുടി 43
മാലിന്യത്തില്‍നിന്ന് ബയോ ഡീസലും വൈദ്യുതിയും
വിവിധതരം മാലിന്യങ്ങളില്‍ നിന്ന് ബയോ ഡീസലും വൈദ്യുതിയും ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യയുമായി പ്ലസ്ടു വിദ്യാര്‍ഥികളായ ആന്‍ലിറ്റ് ആന്റോയും സീതാലക്ഷ്മിയും. ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ നടന്ന ശാസ്ത്രമേളയില്‍ സ്റ്റില്‍ മോഡല്‍ വിഭാഗത്തിലാണ് തൃശൂര്‍ മിഷന് ക്വാര്‍ട്ടേഴ്സ് സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസിലെ ബയോസയന്‍സ് വിദ്യാര്‍ഥികള്‍ തങ്ങളുടെ കണ്ടുപിടിത്തം അവതരിപ്പിച്ചത്.
കോഴിമാലിന്യം, പ്ലാസ്റ്റിക് മാലിന്യം ഉപയോഗശൂന്യമായ പാചക എണ്ണ എന്നിവയില്‍ നിന്നും ബയോ ഡീസല്‍ ഉത്പാദിപ്പിച്ച് അതുവഴി ടര്‍ബൈന്‍ കറക്കി വൈദ്യുതി ഉണ്ടാക്കി കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാമെന്ന് ഈ മിടുക്കികള്‍ വ്യക്തമാക്കുന്നു. തൂവല്‍ മാലിന്യത്തില്‍ നിന്ന് ബയോ പ്ലാസ്റ്റിക്കും ഉപരിതല സമ്മര്‍ദത്തില്‍ നിന്ന് പീസോ ഇലക്ട്രിസിറ്റിയും ഉത്പാദിപ്പിക്കാമെന്നാണ് ഇവരുടെ കണ്ടെത്തല്‍.
മനുഷ്യചലനങ്ങളിലൂടെ ടര്‍ബൈന്‍ കറക്കി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് വയര്‍ലസ് ചാര്‍ജിംഗ് സ്റ്റേഷന് പ്രവൃത്തിപ്പിക്കാമെന്നും ഇവര്‍ കാണിച്ചുതന്നു. ജലത്തില്‍നിന്നും സൂര്യപ്രകാശം, കാറ്റ് എന്നിവയില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ഒരു ബദല്‍ സാങ്കേതികവിദ്യയാണിതെന്നും അന്തരീക്ഷ മലിനീകരണം വളരെ കുറവാണെന്നും ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ ചാര്‍ജിംഗ് സ്റ്റേഷന് പോലുള്ളവ ഏറെ ഉപകാരപ്രദമാണെന്നും ഇവര്‍ അവകാശപ്പെട്ടു.
വന്യമൃഗ സുരക്ഷയുമായി വൈല്‍ഡ് ട്രാക്ക് അലര്‍ട്ട്
വന്യമൃഗങ്ങള്‍ കാടുവിട്ട് നാട്ടിന്പുറങ്ങളിലേക്കിറങ്ങുമ്പോള് ട്രയിനിടിച്ചു മരിക്കുന്നതിന് ഒരു പ്രതിവിധിയുമായാണ് തൃശൂര്‍ അയ്യന്തോള്‍ ഗവ. എച്ച്എസ്എസിലെ വിദ്യാര്‍ഥികളായ പി.എസ്. ഐശ്വര്യയും കെ.പി. ആകാശും എത്തിയത്. ആനയുള്‍പ്പടെയുള്ള വന്യമൃഗങ്ങള്‍ ഇറങ്ങാനിടയുള്ള പ്രദേശങ്ങളിലെ റെയില്‍ പാളങ്ങളുടെ ഇരുവശങ്ങളിലും ലേസര്‍ ലൈറ്റ് സ്ഥാപിക്കും. രാത്രികാലങ്ങളില്‍ ഇവ മറയുംവിധം ഏതെങ്കിലും ഒരു ജീവി പാളം മുറിച്ചുകടക്കുകയോ പാളത്തില്‍ നില്‍ക്കുകയോ ചെയ്യുന്നത് സെന്‍സര്‍ ഉപയോഗിച്ച് സ്റ്റഷനിലേക്കും ലോക്കോ പൈലറ്റിനും സന്ദേശം ത്തുന്നതാണ് ഇതിന്റെ പ്രവര്‍ത്തനരീതി. വളരെ കുറഞ്ഞ ചെലവില്‍ ഒരുപരിധിവരെ ഇത്തരം അപകടങ്ങളെ ഇതിലൂടെ തടയാനാകുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
വഴിയോര മാലിന്യത്തില്‍ നിന്നും വഴിയോരവെട്ടം
വഴിയോര മാലിന്യങ്ങളിലെ പേപ്പര്‍ വേസ്റ്റില്‍നിന്നും തെരുവു വിളക്കുകള്‍ കത്തിക്കുന്ന വഴിയോരവെട്ടം പദ്ധതിയുമായാണ് ചാലക്കുടി കാര്‍മല്‍ ഹൈസ്കൂളിലെ ആരോണ്‍ ക്ലെനി, ഡാനിയേല്‍ ടി. ബെന്സന് എന്നിവരെത്തിയത്. പേപ്പര്‍ മാലിന്യങ്ങള്‍ ഇന്‍സിനറേറ്ററിലിട്ട് കത്തിക്കുകയും ഇതിന്റെ ഇരുവശങ്ങളിലും ഘടിപ്പിച്ചിട്ടുള്ള സോളാര്‍ പാനലുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്താണ് ഊര്‍ജം ബാറ്ററിയില്‍ ശേഖരിക്കുന്നത്. ഇത് ഉപയോഗിച്ചാണ് രാത്രികാലങ്ങളില്‍ വഴിവിളക്കുകള്‍ കത്തിക്കുന്ന സാങ്കേതികവിദ്യ ഇവര്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. മാലിന്യങ്ങള്‍ കത്തുമ്പോഴുണ്ടാകുന്ന പുക വെള്ളത്തിലൂടെ കടത്തിവിട്ട് തുടര്‍ച്ചയായ പുനരുത്പാദനത്തിലൂടെ കാര്‍ബണ്‍ പദാര്‍ത്ഥമായി പരിണമക്കും. ഇവ സിമന്റ് ഉത്പാദനത്തിനുപയോഗിക്കാം. വഴിയോരങ്ങള! മാലിന്യമുക്തമാകുന്നതോടൊപ്പം വഴിവിളക്കുകള്‍ കത്തിച്ച് ഊര്‍ജപ്രതിസന്ധി പരിഹരിക്കാനുമാകുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
ചന്ദ്രയാന്‍ ദൗത്യത്തെ പുനരാവിഷ്കരിച്ച് ക്ലേലിയ സ്കൂള്‍ വിദ്യാര്‍ഥികള്‍
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന ആദ്യരാജ്യമായി ഇന്ത്യ മാറിയ ചന്ദ്രയാന്‍3 ദൗത്യത്തെ പുനരാവിഷ്കരിച്ചിരിക്കുകയാണ് വടക്കാഞ്ചേരി ക്ലേലിയ സ്കൂളിലെ കെ.ജെ. അശ്വിനും പി.ആര്. സാവിയോയും. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന സാമൂഹ്യശാസ്ത്രമേളയില് എച്ച്എസ് വിഭാഗം വര്‍ക്കിംഗ് മോഡല്‍ വിഭാഗത്തിലാണ് ഇരുവരും റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ ചന്ദ്രയാന്‍ വിക്ഷേപണം ഒരുക്കിയിരിക്കുന്നത്.
റോവര്‍ ഇറങ്ങിവരുന്നതും കയറുന്നതും ഇതിലെ സോളാര്‍ പാനല്‍ തുറക്കുന്നതും അടയുന്നതുമെല്ലാം റിമോട്ടിലാണ് ഇവര്‍ സജ്ജീകരിച്ചിരിക്കുന്നത് റോക്കറ്റ് പൊന്തുന്നതും അനുബന്ധമായി ഒരുക്കിയിട്ടുള്ള ഭൂമി കറങ്ങുന്നതുമ്ലൊം മോട്ടോറിലാണ് പ്രവര്‍ത്തിക്കുന്നത്.
പെട്രോളും ഡീസലും വേണ്ട; 500 രൂപയ്ക്ക് 1200 കിലോമീറ്റര്‍ ഡ്രൈവ്
ചെലവുകുറഞ്ഞ രീതിയില്‍ സഞ്ചരിക്കാന്‍ ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പി.എസ്. ആദിത്യന്, പി.വി. നിഹേല് കൃഷ്ണ എന്നിവര്‍ രൂപകല്പന ചെയ്ത ഹൈഡ്രജന്‍ വണ്ടി ശാസ്ത്രമേളയില്‍ ഏറെ ശ്രദ്ധേയമായി. പെട്രോളും ഡീസലും വേണ്ട. പകരം ഹൈഡ്രജനിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. വാഹനം പ്രവര്‍ത്തിക്കുമ്പോള്‍ ഇതില്‍ നിന്നും പുറത്തേക്കു വരുന്നത് നീരാവിയാണ്. അതിനാല്‍ വായുമലിനീകരണം തീരെ ഇല്ലെന്നുള്ളതാണ് ഇതിന്റെ പ്രധാന സവിശേഷത. ഹൈഡ്രജന്‍ കത്തുമ്പോള്‍ കാര്‍ബണ്‍ ഉണ്ടാകുന്നില്ല. അതുമൂലം എന്‍ജിനുകളുടെ കാലാവധി കൂടുതല്‍ കിട്ടും. വളരെ കുറഞ്ഞ വിലയ്ക്ക് ഹൈഡ്രജന്‍ വണ്ടി ഉണ്ടാക്കാന്‍ പറ്റും. ഇലക്ട്രിക് കാറിനാണെങ്കില്‍ ചാര്‍ജിംഗ് സമയവും ബാറ്ററി പ്രശ്നവും ഏറെയാണ്. ഈ വാഹനം വഴി ഇതു രണടും ഒഴിവാക്കാനാകും. ഹൈഡ്രജന്‍ ഡ്രൈവ് എന്നാണ് ഈ വാഹനത്തിന്റെ പേര്. അറ്റകുറ്റപ്പണികള്‍ വരെ കുറച്ചുമാത്രമേ ഉണ്ടാകൂ എന്നതിനാല്‍ ചെലവും കുറവാണ്. ഈ സംവിധാനം ഉപയോഗപ്പെടുത്തി അദാനി ഗ്രൂപ്പ് ഈ വര്‍ഷം ഇറക്കിയ ട്രക്കുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫല്‍ഗ് ഓഫ് ചെയ്തത്.
ഭക്ഷ്യവിഷബാധയെ ചെറുക്കാന്‍ ഫോസ്ഫോഡ് റോബോ സിസ്റ്റം
പഴകിയ ഭക്ഷണം തിരിച്ചറിയാനും നല്ല ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള നൂതന ആശയവുമായി അരിമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ മെവിന്‍ ജോ മാര്‍ട്ടിനും ഡാനിയേല്‍ എ. സിജോയും. ഇവര്‍ നിര്‍മിച്ച ഫോസ്ഫോഡ് റോബോ സംവിധാനം ഹോട്ടലുകളില്‍ സ്ഥാപിച്ചാല്‍ ഭക്ഷണം പഴകിയതാണോ ഭക്ഷ്യയോഗ്യമാണോ എന്ന് ഫോസ്ഫോഡ് റോബോ ഡിസ്പ്ലേയിലൂടെ കാണിച്ചും തരും. മാത്രമല്ല, ഈ വിവരം റോബോ തന്നെ ഫുഡ് ഇന്‍സ്പെക്ടര്‍ക്ക് അയച്ചുകൊടുക്കും. ഈ റോബോ ഓട്ടോമാറ്റിക് ആയി പരസഹായം കൂടാതെ ഹോട്ടലുളിലും ആശുപത്രികളിലും ഭക്ഷണം വിതരണം ചെയ്യും.
ഹോട്ടുകളില്‍ നിന്ന് പുറത്തേക്ക് ഭക്ഷണം വിതരണം ചെയ്യാനുളളഡ്രോണും ഇവര്‍ വിഭാവനം ചെയ്തിട്ടുണ്ട്. ചെലവ് വളരെ കുറഞ്ഞ രീതിയിലാണ് ഇതിന്റെ രൂപകല്പന. സാധാരണ ഒരു ഡ്രോണിന് 30000 രൂപയെങ്കിലും വേണ്ടിവരുന്നിടത്ത് വെറും ആറായിരം രൂപയേ ഇതിനു വരുന്നുള്ളൂ. ഭക്ഷ്യവിഷബാധയില്‍ നിന്നും ജനങ്ങളെ രക്ഷിക്കണമെങ്കില്‍ ഫോസ്ഫോഡ് റോബോ ഭക്ഷണശാലകളില്‍ സ്ഥാപിച്ചാല്‍ മാത്രമേ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്കുകയുളളൂ എന്ന നിയമം നടപ്പിലാക്കിയാല്‍ ഇന്ത്യയില്‍ ഭക്ഷ്യവിഷബാധ നിയന്ത്രിക്കുവാന്‍ സാധിക്കുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഒരു പഞ്ചായത്തിലെ ഹോട്ടലുകളിലെ ഭക്ഷണങ്ങളെല്ലാം തന്നെ വിലയിരുത്തി ഹോട്ടലുകളുടെ നിലവാരം പ്രസിദ്ധപ്പെടുത്താനും ഇതുവഴി സാധിക്കുമെന്നും ഇവര്‍ പറയുന്നു.