അപകടങ്ങള്‍ തുടര്‍ക്കഥ; സ്വകാര്യ ബസുകളുടെ അമിത വേഗതക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് മുതല്‍ എകെപി ജംഗ്ഷന് വരെയുള്ള റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. നിരവധി ജീവനുകളാണ് ഇവിടെ അപകടത്തില്‍ പൊലിഞ്ഞത്. സ്വകാര്യ ബസുകളുടെ അമിത വേഗതക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങി. കഴിഞ്ഞ ദിവസം ലിമിറ്റഡ് സ്റ്റോപ്പ് ബസിടിച്ച് പരിക്കേറ്റ ദമ്പതികളുടെ നില ഗുരുതരമായി തുടരുകയാണ്. ഇവര്‍ ഇപ്പോഴും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ കോക്കാനിക്കാട് കിടങ്ങന്‍ ജെയ്സന് (58), ഭാര്യ ഷീബ (56) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഒരാഴ്ച മുമ്പ് എകെപി ജംഗ്ഷനില്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിടിച്ച് തട്ടുകടയും സ്തൂപങ്ങളും തകര്‍ന്നിരുന്നു. തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ തൃശൂരില്‍നിന്നു വരുന്ന ബസുകള്‍ സ്റ്റാന്‍ഡിലേക്ക് വരുന്ന വഴി ക്രൈസ്റ്റ് കോളജ് റോഡിലാണ് ഒരാഴ്ചക്കിടെ രണ്ട് അപകടങ്ങള്‍ നടന്നത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന റോഡാണിത്. കോളജിന് മുമ്പിലുള്ള ഹംപ് കഴിഞ്ഞാല്‍ ബസ് സ്റ്റാന്‍ഡിലേക്ക് അവസാന മരണപ്പാച്ചില്‍ നടത്തുന്ന ബസുകളും ചെറുവാഹനങ്ങളുമാണ് അപകടകാരികളാകുന്നത്. വീതി കൂട്ടി മെക്കാഡം ടാറിംഗ് ചെയ്ത റോഡായതിനാല്‍ ഇവിടെ വാഹനങ്ങള്‍ അമിതവേഗതയില്‍ പായുകയാണ്. എന്നാല്‍, ദിനംപ്രതിയെന്നവണ്ണം ഇവിടെ അപകടങ്ങള്‍ പെരുകുകയാണ്.
ക്രൈസ്റ്റ് കോളജില്‍ അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥികളുമടക്കം അയ്യായിരത്തോളംപേര്‍ വരും. കൂടാതെ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്, ക്രൈസ്റ്റ് വിദ്യാനികേതന്‍, കെഎല്‍എഫ്, ക്രൈസ്റ്റ് ആശ്രമം എന്നിവയിലേക്കായി നിരവധി ആളുകളാണ് എത്തുന്നത്. ഇതിനുപുറമേ പ്രതീക്ഷാഭവന്‍ സ്പെഷല്‍ സ്കൂളിലെ ശാരീരിക അവശതകളുള്ള വിദ്യാര്‍ഥികളും. ജീവന് പണയപ്പെടുത്തിയാണ് രക്ഷിതാക്കള്‍ ഈ കുട്ടികളെ സ്കൂളിലെത്തിക്കുന്നത്. നേരത്തേ പ്രതീക്ഷാഭവന്‍ റോഡിനു സമീപം പ്രധാന റോഡില്‍ ഹംപ് ഉണ്ടായിരുന്നു. എന്നാല്‍, ഇറക്കത്തിലുള്ള ഹംപ് അപകടങ്ങള്‍ സൃഷ്ടിക്കുമെന്നു പറഞ്ഞ് അത് എടുത്തു മാറ്റി. അതിനുശേഷമാണ് അപകടങ്ങളുടെ പെരുമഴയുണ്ടായതെന്നു സമീപവാസികള്‍ പറയുന്നു. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ നടുങ്ങുകയും അപകടങ്ങളൊഴിവാക്കാന്‍ നടപടിയെടുക്കാമെന്ന് പറഞ്ഞുപോകുന്നതുമല്ലാതെ ഇതുവരെയും ഒരു നടപടിയും അധികാരികളടെ ഭാഗത്തുനന്നുണ്ടായിട്ടില്ല.
മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിച്ച് റസിഡന്റ്സ് അസോസിയേഷന്
ബസുകളുടെ അമിതവേഗത നിയന്ത്രിക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ക്രൈസ്റ്റ് നഗര്‍ റസിഡന്‍സ് അസോസിയേഷന്‍തന്നെ രംഗത്ത് വന്നു. ഇതുവഴി വന്ന ബസുകള്‍ തടഞ്ഞുനിറുത്തി വേഗത കുറച്ച് സര്‍വീസ് നടത്തണമെന്ന് ആവശ്യപ്പെട്ടതിനു ശേഷമാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഇരുചക്രവാഹനക്കാരെ വേട്ടയാടുന്ന അധികൃതര്‍ അമിത വേഗതയില്‍ പായുന്ന ബസുകള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.
അസോസിയേഷന് പ്രസിഡന്റ് തോംസണ്‍ ചിരിയങ്കണ്ടത്ത്, സെക്രട്ടറി ഷാജു കണ്ടംകുളത്തി, ജോസ് മാളിയേക്കല്‍, വൈസ് പ്രസിഡന്റ് ആനി പോള്‍, ജോയിന്റ് സെക്രട്ടറി പോള്‍ മാവേലി എന്നിവര്‍ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ബെന്നി പള്ളായി, ബോബി ജോസ്, മാത്യു മാളിയേക്കല്‍, തോമസ് മാവേലി, സക്കീര്‍ എന്നിവര്‍ പ്രതിഷേധസമരത്തിനു നേതൃത്വം നല്കി.