റോഡുകള്‍ കുളമായി; കടലാസ് തോണിയിറക്കി കോണ്‍ഗ്രസ് പ്രതിഷേധം
ഊരകം: പ്രദേശത്തെ ഗ്രാമീണ റോഡുകളെല്ലാം സഞ്ചാരയോഗ്യമല്ലാത്ത വിധം തകര്‍ന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുളത്തിനു സമാനമായ ഊരകം കോമ്പാറ റോഡില്‍ കടലാസ് തോണിയിറക്കി പ്രതിഷേധിച്ചു. മുരിയാട് പഞ്ചായത്തിലെ 10, 11 വാര്‍ഡുകളില്‍പെട്ട പ്രദേശത്തെ ഒട്ടുമിക്ക റോഡുകളും അറ്റകുറ്റ പണികള്‍ ചെയ്യാതെ തകര്‍ന്ന നിലയിലാണ്. കുടിവെള്ള പദ്ധതിക്കായി റോഡുകള്‍ കുഴിക്കുകയും കൂടി ചെയ്തതോടെ റോഡുകളുടെ അവസ്ഥ ദയനീയമാവുകയും വഴിയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ സാധ്യമല്ലാതാവുകയും ചെയ്തു. അവിട്ടത്തൂര്‍, കല്ലംകുന്ന്, കൊറ്റനെല്ലൂര്‍ പ്രദേശങ്ങളിലെ ജനങ്ങളും ഇരിങ്ങാലക്കുടയിലേക്ക് യാത്ര ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഊരകം കോമ്പാറ റോഡ്, മഠത്തിക്കര റോഡ് എന്നിവ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ശുദ്ധജലത്തിനായുള്ള പൈപ്പുകള്‍ കുഴിക്കുന്നതിനിടയില്‍ നിലവിലുള്ള ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ആഴ്ചകളായി ശുദ്ധജലം പാഴായി പോകുകയാണ്. പ്രതിഷേധ സമരത്തിന് ഭാരവാഹികളായ കൂള ബേബി, എം.കെ. കലേഷ്, സുധാകരന് കൊച്ചുകുളം, ബാബു വരിക്കാശ്ശേരി. അശ്വതി സുബിന് എന്നിവര്‍ നേതൃത്വം നല്കി.