കാരുണ്യത്തിന്റെ നിലക്കാത്ത പ്രവാഹവുമായി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക
ഈവര്‍ഷം കാരുണ്യ പ്രവൃത്തികള്‍ക്ക് ചെലവഴിച്ചത് ഒരുകോടി
ഇരിങ്ങാലക്കുട: നന്മയുടെ പൂമരമായി എന്നും നിലകൊള്ളുകയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക സമൂഹം. ഇടവകയിലെ കാരുണ്യ ഭവനപദ്ധതിയുടെ ഭാഗമായി തുറവന്‍കാട് സെന്റ് ജോസഫ് ഇടവകാതിര്‍ത്തിയില്‍ നിര്‍ധനരായ രണ്ട് കുടംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മിച്ചുനല്‍കി. വീടുകളുടെ വെഞ്ചരിപ്പും താക്കോല്‍ദാനവും കത്തീഡ്രല്‍ വികാരി റവ. പയസ് ചെറപ്പണത്ത് നിര്‍വഹിച്ചു.
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് അസി.വികാരി ഫാ. മില്‍നര്‍ വിതയത്തില്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, വാര്‍ഡ് കൗണ്‍സിലര്‍ മണി സജയന്, കത്തീഡ്രല്‍ ട്രസ്റ്റിമാരായ ആന്റണി ജോണ്‍ കണ്ടംകുളത്തി, ലിംസന് ഊക്കന്‍, ജോബി അക്കരക്കാരന്‍, ബ്രിസ്റ്റോ വിന്‍സന്റ് എലുവത്തിങ്കല്‍, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ് ടോണി ചെറിയാടന്‍, കത്തീഡ്രല്‍ മുന്‍ ട്രസ്റ്റിമാരായ ബാബു കുറ്റിക്കാട്ട് നെയ്യന്, ഷാജന് കണ്ടംകുളത്തി, ബിജു പോള്‍ അക്കരക്കാരന്‍, തുറവന്‍കാട് പള്ളി കൈക്കാരന് വില്സന് കാഞ്ഞിരപറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഒരുകോടി രൂപയാണ് ഈ വര്‍ഷം വിവിധ പദ്ധതികള്‍ വഴി കാരുണ്യ പ്രവര്‍ത്തികള്‍ക്ക് ഇടവക ചെലവഴിച്ചത്.
സൗജന്യ ഡയാലിസിനുവേണ്ടി 50 ലക്ഷം, ചികിത്സാസഹായത്തിനായി കനിവ് പദ്ധതി വഴി 20 ലക്ഷം, വിവാഹസഹായത്തിനായി 10 ലക്ഷം എന്നിവ ഓരോ വര്‍ഷവും കത്തീഡ്രല്‍ ഇടവക ചെലവഴിക്കുന്നുണ്ട്. ഈവര്‍ഷം തന്നെ എട്ട് വീടുകളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിനു സഹായംനല്കി. കാരുണ്യ ഭവനപദ്ധതി വഴി നിര്‍മാണത്തിലിരിക്കുന്ന മറ്റു രണ്ടു വീടുകളുടെ താക്കോല്‍ദാനം 2024ലെ ദനഹാ തിരുനാളിനോടനുബന്ധിച്ച് കൈമാറും.