നവകേരളസദസ്സില്‍ നിര്‍ബന്ധമായി പങ്കെടുക്കണം വാര്‍ഡ് അംഗത്തിന്റെ ശബ്ദസന്ദേശത്തില്‍ പ്രതിഷേധം
കോണത്തുക്കുന്ന്: നവകേരളസദസ്സില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന പഞ്ചായത്ത് അംഗത്തിന്റെ വാട്സാപ് ശബ്ദസന്ദേശത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് അംഗം എല്‍ഡിഎഫിലെ നിഷാ ഷാജി തന്റെ വാര്‍ഡിലെ കുടുംബശ്രീ വാട്സാപ്പ് ഗ്രൂപ്പിലിട്ട ശബ്ദസന്ദേശമാണ് പ്രതിഷേധത്തിനിടയാക്കിയത്. കുടുംബശ്രീ അംഗങ്ങളെ നവകേരളസദസ്സില്‍ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് വെള്ളാങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന ആരോപിച്ചു. പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും തീരെ കിടപ്പിലായവര്‍ ഒഴികെ എല്ലാവരും നിര്‍ബന്ധമായി പങ്കെടുക്കണമെന്നുമെല്ലാം മെമ്പര്‍ ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. കേരളസദസ്സില്‍ പങ്കെടുക്കാത്തവര്‍ക്കെതിരേ നടപടി വന്നാല്‍ അതിനെ നിയമപരമായി നേരിടുമെന്നും അയൂബ് പറഞ്ഞു. നവകേരളസദസ്സ് എന്ന പരിപാടി വിജയിപ്പിക്കാനായി തന്റെ വാര്‍ഡില്‍നിന്ന് പരമാവധി പങ്കാളിത്തം ഉറപ്പാക്കാനാണ് വാട്സാപ് ഗ്രൂപ്പില്‍ അപ്രകാരം ഒരു ശബ്ദ സന്ദേശം ഇട്ടതെന്ന് നിഷാ ഷാജി പറഞ്ഞു. ചെറിയ കാരണങ്ങളാല്‍ മാറിനില്‍ക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ നിര്‍ബന്ധിക്കുക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വാര്‍ഡില്‍നിന്ന് ഏതെങ്കിലും ആവശ്യങ്ങള്‍ പരാതിയായി നല്കേണ്ടതുണ്ടെങ്കില് അത് തയ്യാറാക്കാനായി സഹായിക്കാമെന്നുള്ള സന്നദ്ധതയും സന്ദേശംവഴി അറിയിച്ചതായും നിഷാ ഷാജി പറഞ്ഞു.
പഞ്ചായത്ത് തല വിളംബര ജാഥകള്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പഞ്ചായത്ത് തല വിളംബര ജാഥകള്‍ സംഘടിപ്പിച്ചു. മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നവകേരള സദസ്സിന്റെ ഭാഗമായി വിളംബര ജാഥകള്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാര്‍ സെക്രട്ടറിമാര്‍ ഭരണസമിതി അംഗങ്ങള്‍ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കലാകായിക സംഗമം നടന്നു
കോണത്തുക്കുന്ന്: നവകേരള സദസ്സിന്റെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കലാകായിക സംഗമം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് അധ്യക്ഷയായി. മുന്‍ അന്തര്‍ദേശീയ വോളിബോള്‍ താരം പി.ജി. ഗോപിദാസ് മുഖ്യാതിഥിയായി. ചടങ്ങില്‍ ബ്ലോ്ക് കേരളോത്സവ വിജയികള്‍ക്കുള്ള സമ്മാനവിതരണവും ജില്ലാ കേരളോത്സവ വിജയികള്‍ക്ക് അനുമോദനവും നല്കി. പ്രസന്ന അനില്‍കുമാര്‍, സുധാ ദിലീപ്, രാജേഷ് അശോകന്, അസ്മാബി ലത്തീഫ്, രമാ രാഘവന്, ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍, പി.എം. ഹസീബ് അലി, എം.എം. മുകേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബ്ലോക്കുതല കേരളോത്സവത്തില്‍ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാരായി.