സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചന സര്‍വകക്ഷി യോഗം നടന്നു
ഇരിങ്ങാലക്കുട: അരനൂറ്റാണ്ടില്‍ അധികകാലം പൊതു രാഷ്ട്രീയത്തിലും ഇടതുപക്ഷ രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമായിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇരിങ്ങാലക്കുടയില്‍ നടന്ന സര്‍വകക്ഷി യോഗം. ഇടത് തുടര്‍ഭരണം ഉറപ്പാക്കുന്നതില്‍ വിട പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടൊപ്പം നിര്‍ണ്ണായക പങ്ക് വഹിച്ച കാനത്തിന് നവകേരള നിര്‍മ്മിതിക്കും വികസനത്തിനും പരിസ്ഥിതി രാഷ്ട്രീയത്തിനും വേണ്ടി കൃത്യമായ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നതായി യോഗം വിലയിരുത്തി. ടൗണ്‍ ഹാള്‍ അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി പി മണി അധ്യക്ഷത വഹിച്ചു. സിപിഐ മുതിര്‍ന്ന നേതാവ് കെ.ശ്രീകുമാര്‍ ,നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി സുജ സഞ്ജീവ്കുമാര്‍, സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍, കെപിസിസി മുന്‍ സെക്രട്ടറി എം.പി. ജാക്സണ്, മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ: തോമസ് ഉണ്ണിയാടന്, മുന്‍ എം പി പ്രൊഫ സാവിത്രി ലക്ഷ്മണന്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.ആര്. വിജയ, കെ.സി. വേണുമാസ്റ്റര്‍, ജൂലിയസ് ആന്റണി, കെ.എ. റിയാസുദീന്‍, ദാമോദരന്‍, രാജു പാലത്തിങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം ബിനോയ് ഷബീര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് സ്വാഗതം പറഞ്ഞു.