പട്ടാപ്പകല്‍ വീടിന്റെ മുന്‍വാതില്‍ പൊളിച്ച് 17 പവന് മോഷ്ടിച്ച പ്രതി അറസ്റ്റില്‍
വെളയനാട്: പട്ടാപ്പകല്‍ വീടിന്റെ മുന്‍വാതില്‍ പൊളിച്ച് 17 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റിലായി. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ പീച്ചി സ്വദേശി പുളിക്കല്‍ വീട്ടില്‍ കല്‍ക്കി എന്നു വിളിക്കുന്ന സന്തോഷിനെയാണ് (42) തൃശൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മയുടെ നിര്‍ദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ.ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ നവംബര്‍ 29 നാണ് വെളയനാട് സ്വദേശി മോഹനന്റെ വീട്ടില്‍ പകല്‍ മോഷണം നടന്നത്. രാവിലെ വീട് പൂട്ടി മോഹനനും കുടുംബവും പട്ടാമ്പിയില്‍ പോയി രാത്രി മടങ്ങിവന്നപ്പോഴാണ് മോഷണം നടന്നതറിയുന്നത്.
സംഭവം അറിഞ്ഞയുടനെ റൂറല്‍ എസ്പി നവനീത് ശര്‍മ ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സന്തോഷ് അറസ്റ്റിലായത്. തൃശൂരില്‍ വിറ്റ മോഷണമുതലുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഒല്ലൂര്‍, വിയ്യൂര്‍, പുതുക്കാട്, വരന്തരപ്പിള്ളി, മണ്ണുത്തി, ഇരിങ്ങാലക്കുട അടക്കമുള്ള സ്റ്റേഷനുകളില്‍ നിരവധി കളവ് കേസുകളില്‍ പ്രതിയാണ് ഇയാൾ. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സിഐ അനീഷ്കരീം, എസ്ഐ എം.എസ്. ഷാജന്, എന്‍.കെ. അനില്‍കുമാര്‍, പി. ജയകൃഷ്ണന്, എഎസ്ഐ ടി.ആര്. ഷൈന്‍, സതീശന്, സീനിയര്‍ സിപിഒമാരായ സൂരജ്. വി. ദേവ്, ഷഫീര്‍ ബാബു, എം.ആര്. രഞ്ജിത്ത്, മിഥുന് കൃഷ്ണ, ഇ.എസ്. ജീവന്, വിപിന്‍ വെള്ളാമ്പറമ്പില്‍, കെ.എസ്. ഉമേഷ്, രാഹുല്‍ അമ്പാടന്‍, പി.വി. വികാസ്, സോണി സേവ്യര്‍ എന്നിരാണു പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
കാലം മാറിയാലും കള്ളന്റെ മനം മാറുന്നില്ല.
രണ്ടു വര്‍ഷം മുന്‍പ് പുതുക്കാട് ചെങ്ങാലൂരില്‍ വര്‍ക്ക് ഷോപ്പ് ഉടമയുടെ തലയ്ക്കടിച്ച് പണം കവര്‍ന്ന കേസ്സിലെ പ്രതയാണ് സന്തോഷ്. മുന്‍ കേസ്സിന്റെ കാര്യത്തിന് കോടതിയില്‍ വന്നു മടങ്ങുമ്പോള്‍ സന്തോഷിന്റെ മനസ്സിലെ കള്ളന് വീണ്ടും ഉണരുകയായിരുന്നു.. അങ്ങിനെയാണ് വഴി മാറി ഇയാള്‍ വെളയനാട് വഴി സഞ്ചരിച്ചത്. ഓരോ വീടുകള്‍ നോക്കി ബൈക്കില്‍ സഞ്ചരിച്ച ക്കുന്നതിനിടെയാണ് റോഡില്‍ നിന്ന് ഉള്ളിലേക്ക് ഇറങ്ങിയ മോഹനന്റെ വീടിന്റെ ഗെയ്റ്റ് അടഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.. ഇതോടെ ഇയാള്‍ ബൈക്ക് തിരിച്ച് ആ വീട്ടിലെതതി. ബെല്‍ അടിച്ച് വീട്ടില്‍ ആരും ഇല്ലന്ന് ഉറപ്പുവരുത്തി. പിന്നീട് തൊട്ടടുത്ത കാടു പിടിച്ച പറമ്പില്‍ ബൈക്ക് വച്ച് വേലി ചാടിക്കടന്ന് വീടിന്റെ പുറകുവശം വഴിയെത്തി മുന്‍വാതില്‍ കുത്തി തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു കടക്കുകയായിരുന്നു. മോഷണത്തിന്റെ രീതിയും സാഹചര്യങ്ങളും മനസ്സിലാക്കി നടത്തിയ അമ്പേഷണത്തിലാണ് മുന്‍ കുറ്റവാളി കൂടിയായ പ്രതിയിലേക്ക് അന്വേഷണം എത്തിയത്. ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് കൃത്യമായ തെളിവുകളോടെയാണ് അറസ്റ്റു ചെയ്തത്.