ക്രൈസ്തവ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ആരുടേയും ഔദാര്യമല്ല മറിച്ച് അവകാശമാണ്: വി.ഡി. സതീശന്
ഇരിങ്ങാലക്കുട: രാജ്യത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ആരുടേയും ഔദാര്യമല്ലെന്നും ഇത് അവകാശമാണെന്നും അതുനേടിയെടുക്കാന്‍ ക്രൈസ്തവര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ ന്യൂനപക്ഷ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദഹം. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. -സമുദായ ബോധവും ന്യൂനപക്ഷ സംരക്ഷണവും- എന്ന വിഷയത്തെ ആസ്പദമാക്കി സീറോമലബാര്‍ സഭാ വക്താവ് ചാക്കോ കാളംപറമ്പില്‍ സെമിനാര്‍ നയിച്ചു.
ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ മുന്നില്‍നിന്ന അമല്‍ സിറിയക്കിനെ യോഗം ആദരിച്ചു. രൂപതയുടെ പുതിയ പ്രോജക്ട് ആയ എവേക്കനിങ് 2028 ബിഷപ് ഉദ്ഘാടനം ചെയ്തു.
സനീഷ്കുമാര് ജോസഫ് എംഎല്‍എ, കേരള സംസ്ഥാന ന്യൂനപക്ഷ വികസന കോര്പറേഷന് ചെയര്‍മാര്‍ സ്റ്റീഫന്‍ ജോര്‍ജ്, രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ, നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍, രൂപത ന്യൂനപക്ഷസമിതി ഡയറക്ടര്‍ ഫാ. നൗജിന് വിതയത്തില്‍, പ്രസിഡന്റ് അഡ്വ. ഇ.ടി. തോമസ്, ന്യൂനപക്ഷസമിതി ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഡോ. എം.ജെ. റാണി, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡേവിസ് ഊക്കന്‍, ന്യൂനപക്ഷസമിതി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ബേബി മാണിക്കത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇടവകകളില്‍ നിന്നുള്ള കുടുംബ സമ്മേളന കേന്ദ്രസമിതി അംഗങ്ങള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഇടവക ന്യൂനപക്ഷസമിതി അംഗങ്ങള്‍, യുവജന പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.