സാമ്പത്തിക പ്രതിസന്ധി; കട്ടപ്പുറത്തെ സ്കൂള്‍ ബസുകള്‍ ആര്‍ക്കു വേണ്ടി ?
ഇരിങ്ങാലക്കുട: എംഎല്‍എ മാര്‍ ഗവ. സ്കൂളുകള്‍ക്ക് അനുവദിച്ച ബസുകള്‍ സാമ്പത്തിക പ്രതിസന്ധി മൂലം നിരത്തിലിറക്കാനാകാതെ സ്കൂള്‍ അധികൃതര്‍ ബുദ്ധിമുട്ടുന്നു. പരിപാലത്തിന് ഫണ്ട് ഇല്ലാത്തതിനാല്‍ സകൂള്‍ ബസുകള്‍ കട്ടപ്പുറത്തായിട്ട് നാളുകളേറെയായി. ഈ സ്കൂള്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങണമെങ്കില്‍ ലക്ഷങ്ങള്‍ ചെലവിടേണ്ട അവസ്ഥയാണ്. ഇവയുടെ ടാക്സ്, ഇന്‍ഷുറന്‍സ് തുടങ്ങിയവയെല്ലാം മുടങ്ങിക്കിടക്കുകയാണ്. ഇന്‍ഷുറന്‍സ്, ടാക്സ് എന്നിവയ്ക്കായി 1.30 ലക്ഷം രൂപയും മറ്റ് അറ്റകുറ്റപ്പണികള്‍ക്ക് വേറെയും തുക കണ്ടെത്തേണ്ട അവസ്ഥയാണ്. ഡ്രൈവര്‍ക്ക് മാസം ശരാശരി 12,000 രൂപയും ആയയ്ക്ക് നാലായിരം രൂപയുമാണ് സ്കൂള്‍ അധികൃതര്‍ ചെലവഴിക്കേണ്ടത്. ഇതിനുപുറമേ മൂന്നുദിവസം കൂടുമ്പോള്‍ അയ്യായിരം രൂപയ്ക്ക് ഡീസല്‍ അടിക്കണം.
ഗവ. സ്കൂളുകളില്‍ ബസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പിടിഎയും അധ്യാപകരും നാട്ടുകാരും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. തോമസ് ഉണ്ണിയാടന് എംഎല്‍എയായിരുന്നപ്പോള്‍ ആറു സ്കൂളുകളിലേക്കായി അനുവദിച്ച ഏഴ് ബസുകളില്‍ മാടായിക്കോണം ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ ഗവ. യുപി സ്കൂള്‍, നടവരമ്പ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ ബസുകള്‍ ഓടാതെ കട്ടപ്പുറത്താണ്. പത്തുവര്‍ഷത്തിലേറെ പഴക്കമുള്ള ബസുകളാണ് ഇവയെല്ലാം. കാട്ടൂര്‍ ഗവ. സ്കൂളിനും ഇരിങ്ങാലക്കുട ഗേള്‍സ് സ്കൂളിനും നടവരമ്പ് സ്കൂളിനും ലഭിച്ച ബസുകളുടെ കാലാവധി കഴിഞ്ഞതിനാല്‍ പൊളിച്ചുവില്ക്കാന് സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുന്നു. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ ബസിനെ ആശ്രയിക്കാതായതോടെ സാമ്പത്തികപ്രതിസന്ധി ഏറുകയായിരുന്നു. ഇപ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയാണു വിദ്യാര്‍ഥികളെ വിദ്യാലയത്തിലേക്കും തിരിച്ചും എത്തിക്കുന്നത്. ഇതിന്റെ വാടക നല്‍കാനും അധ്യാപകര്‍ പണം നല്‍കേണ്ട സ്ഥിതിയാണ്.
ഫിറ്റ്നസ് അടക്കമുള്ള കാര്യങ്ങള്‍ ആര്‍ടിഒ മുഖാന്തരം ഉറപ്പുവരുത്തിയാലേ ബസുകള്‍ക്ക് പുറത്തിറക്കാനാവൂ. സ്കൂള്‍ പിടിഎ കമ്മിറ്റിയും രക്ഷിതാക്കളും ചേര്‍ന്നാണ് സര്‍ക്കാര്‍ സ്കൂളുകളിലെ ബസുകള്‍ പരിപാലിക്കുന്നത്. ഡ്രൈവറുടെ ശമ്പളം, ശമ്പളം, ഇന്ധനച്ചെലവ്, അറ്റകുറ്റപണികള്‍, എല്ലാം ഇതില്‍ നിന്ന് കണ്ടെത്തണം. കാലങ്ങോളോളം ഓടാതിരുന്ന വാഹനങ്ങള്‍ ഇനി പ്രവര്‍ത്തന ക്ഷമമാക്കാന്‍ വന്‍ തുക ചെലവിട്ട് അറ്റകുറ്റ പണികള്‍ നടത്തേണ്ടി വരും. ബസുകള്‍ അനുവദിച്ചു കിട്ടിയ സ്കൂളുകള്‍ക്കു ഡ്രൈവര്‍ തസ്തിക അനുവദിക്കാത്തതും പ്രശ്നമാണ്. സ്കൂള്‍ ബസുകള്‍ സര്‍വീസ് നടത്തണമെങ്കില്‍ നിര്‍ബന്ധമായും ആയയുടെ സേവനവും ആവശ്യമാണ്. പുതിയ ഉത്തരവു പ്രകാരം അധ്യാപക മേല്‍നോട്ടവും ബസുകളില്‍ നിര്‍ബന്ധമാണ്. നടവരമ്പ സ്കൂളിലെ രണ്ടു ബസുകളില്‍ ഒന്ന് കട്ടപ്പുറത്തായിരുന്നു. എന്നാല്‍ രണ്ട് മാസം മുമ്പ് ഓടികൊണ്ടിരുന്ന ബസിന്റെ എന്‍ജിനുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം അറ്റകുറ്റപണിക്കായി പണമില്ലാത്തതിനാല്‍ ആ ബസും കട്ടപ്പുറത്തായി. ഈ രണ്ടു ബസും പൊളിച്ചു നീക്കുവാന്‍ ജില്ലാ പഞ്ചായത്തിന്റെ അനുമതിക്കായി കത്തു നല്‍കിയിട്ടുണ്ട്.