100 ദിനം 100 പരിപാടി കപ്പാറയില്‍ ലൈഫ് വീടുകള്‍ സമര്‍പ്പിച്ചു
മുരിയാട്: ലൈഫ് ഭവന പദ്ധതി പ്രകാരം മുരിയാട് ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ് കപ്പാറയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 4 വീടുകളുടെ സമര്‍പ്പണം നടത്തി. പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് താക്കോല്‍ ദാന കര്‍മ്മം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. വികസന കാര്യ സമിതി ചെയര്‍പേഴ്സണ്‍ കെ.പി. പ്രശാന്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, ക്ഷേമ കാര്യ സമിതി ചെയര്‍പേഴ്സണ്‍ സരിത സുരേഷ്, ഭരണ സമിതി അംഗം മണി സജയന്, അംഗനവാടി ടീച്ചര്‍ ലജി, സിഡിഎസ് അംഗം മഞ്ചു ശരികുമാര്തുടങ്ങിയവര് ചടങ്ങില്‍ പങ്കെടുത്തു.
വീട് അവകാശമാണ് ഔദാര്യമല്ല പ്രചാരണവുമായി കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി
മുരിയാട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളുടെയും സംയുക്ത പദ്ധതിയായ ലൈഫ് ഭവന പദ്ധതിയിലൂടെ ലഭിക്കുന്ന വീടുകള്‍ ജനങ്ങളുടെ അവകാശമാണ് പഞ്ചായത്തിന്റെ ഔദാര്യമല്ല എന്ന പ്രചാരണവുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി. പൊതു ചടങ്ങില്‍ വീടുകളുടെ താക്കോല്‍ ദാനം നടത്തുന്നത് ഗുണഭോക്താക്കളെ അപമാനിക്കുന്നതാണ്. പഞ്ചായത്തിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പെടുത്താന്‍ വേണ്ടി ഗ്രാമ സഭകളില്‍ നടത്തുന്ന ഈ പ്രഹസനം കോണ്‍ഗ്രസ് അംഗങ്ങളുടെ വാര്‍ഡുകളില്‍ നടത്തില്ലെന്ന് മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടന്‍, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ തോമസ് തൊകലത്ത് എന്നിവര്‍ അറിയിച്ചു.