പിണ്ടിപ്പെരുന്നാള്; ആഘോഷ നിറവില്‍ ഇരിങ്ങാലക്കുട, ദീപാലങ്കാരങ്ങള്‍ തെളിഞ്ഞു, ഇന്ന് രൂപം എഴുന്നള്ളിച്ചു വയ്ക്കല്‍, നാളെ പ്രദക്ഷിണം
ഇരിങ്ങാലക്കുട: പിണ്ടിപ്പെരുന്നാള് ആഘോഷങ്ങളില്‍ മതിമറന്ന് ഇരിങ്ങാലക്കുട നഗരവും നിവാസികളും. വൈദ്യുത ദീപങ്ങളും വര്‍ണത്തോരണങ്ങളും ചൊരിയുന്ന വര്ണശബളിമയിലാണ് നഗരം. കത്തീഡ്രല്‍ ദേവാലയത്തിലെ ദീപാലങ്കാരങ്ങളുടെയും പ്രവാസികൂട്ടായ്മ ഒരുക്കിയ പ്രവാസി പന്തലിന്റെയും പള്ളിയുടെ തെക്കേ നടയിലും കിഴക്കേ നടയിലും ഒരുക്കിയിട്ടുള്ള ബഹുനിലപന്തലുകളുടെയും സ്വിച്ച് ഓണ്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീം നിര്‍വഹിച്ചു. തുടര്‍ന്ന് കത്തീഡ്രല്‍ അങ്കണത്തില്‍ മാപ്രാണം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ കല്ലേറ്റുംകര ദാസന് നയിക്കുന്ന 101 കലാകാരന്മാരുടെ പിണ്ടിമേളം അരങ്ങേറി.
ഇന്ന് വൈകീട്ട് 5.30 ന് നൊവേന, ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് പള്ളിചുറ്റി പ്രദക്ഷിണം, രൂപം എഴുന്നള്ളിച്ചു വയ്ക്കല്‍, നേര്‍ച്ച വെഞ്ചരിപ്പ്. ഇന്ന് വൈകീട്ട് നടക്കുന്ന ദിവ്യബലിക്കും തുടർന്ന് രൂപക്കൂടുകള്‍ പള്ളിക്കു സമീപത്തെ സ്പെഷല്‍ പന്തലിലേക്ക് എഴുന്നള്ളിച്ചുവയ്ക്കുന്നതിനും ആയിരങ്ങള്‍ പങ്കെടുക്കും. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് മുഖ്യകാര്‍മികത്വം വഹിക്കും.
ഉച്ചയ്ക്ക് രണ്ടു മുതല്‍ കേരളത്തിലെ പ്രമുഖ ബാൻഡ് ടീമുകളായ മുവാറ്റുപ്പുഴ ഏയ്ഞ്ചല്‍ വോയ്സും ആമ്പല്ലൂർ ഏയ്ഞ്ചല്‍ വോയ്സും മാറ്റുരക്കുന്ന ബാൻഡ് മേളം പള്ളിയങ്കണത്തില്‍ നടക്കും. വലിയങ്ങാടി, കുരിശങ്ങാടി, കോമ്പാറ, കാട്ടുങ്ങച്ചിറ എന്നീ വിഭാഗങ്ങളുടെ അമ്പെഴുന്നള്ളിപ്പുകള്‍ രാത്രി 12 നു പള്ളിയിലെത്തും.
നാളെ രാവിലെ 10.30ന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചതിരിഞ്ഞ് രണ്ടിനു നടക്കുന്ന ദിവ്യബലിക്കു ശേഷം മൂന്നിന് പ്രദക്ഷിണം ആരഭിക്കും.
വലിയങ്ങാടി ഫെസ്റ്റ് ഇന്ന്; 151 പൊന്‍കുരിശുകളും 350 കലാകാരന്മാരുടെ മേളവും
പത്ത് വേദികളില്‍ കലാപരിപാടികള്‍
വലിയങ്ങാടി അമ്പ് ഫെസ്റ്റ് രാത്രി ഏഴിന് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. വലിയങ്ങാടി അമ്പ് ഫെസ്റ്റ് രക്ഷാധികാരി ജോണി പി. ആലേങ്ങാടന്‍ അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ മുഖ്യാതിഥി ആയിരിക്കും. മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന്, റാഫേല്‍ പ്രൊജക്ട്സ് ചെയര്മാന് റാഫേല്‍ പൊഴോലിപ്പറമ്പില്‍, മനീഷ് അരിക്കാട്ട്, ആ്റണി. ടി. ജോസ് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് സ്ട്രീറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി ഠാണാ മുതല്‍ ആല്‍ത്തറ വരെയുള്ള മെയിന്‍ റോഡില്‍ പത്ത് വേദികളിലായി വിവിധ കലാപരിപാടികള്‍ അരങ്ങേറും.
രാത്രി പത്തിന് ആല്‍ത്തറ പരിസരത്തു നിന്നും അമ്പെഴുന്നള്ളിപ്പ് ആരംഭിക്കും. 151 പൊന്കുശിവും പട്ടക്കുടകളും 350 കലാകാരന്മാരുടെ മേളവും അമ്പെഴുന്നള്ളിപ്പില് ഉണ്ടാകും. കാളവണ്ടിയില്‍ നകാരമേളം, 40 കലാകാരന്മാരുടെ കൊമ്പുപറ്റ് മേളം, നാദസ്വരം, ശിങ്കാരി മേളം, ബാൻഡ് മേളങ്ങള്‍, മണ്ണെണ്ണ റാന്തലുകള്‍, പന്തങ്ങള്‍, കുത്തുവിളക്കുകള്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പെഴുന്നള്ളിച്ചുകൊണ്ടുള്ള രഥം എന്നിവ അമ്പെഴുന്നള്ളിപ്പിന് മിഴിവേകും. വലിയങ്ങാടി സ്ട്രീറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള 125 അടി ഉയരമുള്ള ബഹുനില പന്തലിന്റെ സ്വിച്ച് ഓണ്‍ റാഫേല്‍ പ്രൊജക്ട്സ് ചെയര്മാന് റാഫേല്‍ പൊഴോലിപ്പറമ്പില്‍ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ സ്ട്രീറ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു.
കോമ്പാറ ഫെസ്റ്റ് ഇന്ന്; രാവിലെ മുതല്‍ വിളംബരമായി നകാരമേളം
കോമ്പാറ ഫെസ്റ്റ് രാത്രി ഏഴിന് ഇരിങ്ങാലക്കുട ആര്‍ഡിഒ എം.കെ. ഷജി ഉദ്ഘാടനം ചെയ്യും. കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, ജനറല്‍ കണ്‍വീനര്‍ ഷാജു പാറേക്കാടന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗജന്യ ഡയാലിസിസിനുള്ള തുക സെന്റ് വിന്‍സെന്റ് ഡയബറ്റിക് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഡോ. സുമ ഏറ്റു വാങ്ങും. തുടര്‍ന്ന് സെന്റ് ജോസഫ്സ് കോളജിനു സമീപം ഒരുക്കിയ വേദിയില്‍ കലാപരിപാടികള്‍ അരങ്ങേറും.
ഇന്നു രാവിലെ ഒമ്പതു മുതല്‍ കോമ്പാറ മേഖലയിലെ ഇടവഴികളിലൂടെ കാളവണ്ടിയില്‍ നകാരമേളം ഉണ്ടായിരിക്കും. രാത്രി പത്തിനു കോമ്പാറ കപ്പേളയില്‍ നിന്ന് അമ്പെഴുന്നള്ളിപ്പ് ആരംഭിക്കും. നകാരമേളം, രണ്ടു ചെണ്ട മേളം, രണ്ടു പാഞ്ചാരി മേളം, രണ്ടു ശിങ്കാരിമേളം, ബാൻഡ് മേളം എന്നിവ അമ്പെഴുന്നള്ളിപ്പിനു മിഴിവേകും.