മതസൗഹാര്‍ദ സന്ദേശം നല്കി ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള് പ്രദക്ഷിണം

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിനോടനുബന്ധിച്ചുനടന്ന പ്രദക്ഷിണം.
ഇരിങ്ങാലക്കുട: ഭക്തിസാന്ദ്രമായ പിണ്ടിപ്പെരുന്നാള് പ്രദക്ഷിണം മതസൗഹാര്‍ദ സന്ദേശം നല്കി. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനു നടന്ന ദിവ്യബലിക്കു ശേഷമാണ് നഗര വീഥികളിലൂടെ വിശ്വാസ തീക്ഷ്ണതയാല്‍ പ്രദക്ഷിണം നടന്നത്. ഭക്തിയുടെയും വിശ്വാസത്തിന്റെയും നിറവില്‍ തലമുറകള്‍ കാട്ടിയ വഴികളിലൂടെ നടന്ന പ്രദക്ഷിണത്തിൽ ആയിരങ്ങള്‍ പങ്കെടുത്തു.
തിരുനാള്‍ പ്രദക്ഷിണത്തിന്റെ വരവറിയിച്ച് പെരുമ്പറ മുഴക്കികൊണ്ടുള്ള രാജകീയ വിളംബരവുമായി രണ്ടു കാളവണ്ടികളിലായി നകാരമേളം. തൊട്ടുപിറകിലായി 151 പൊന്‍ കുരിശുകളും പേപ്പല്‍ പതാകകളും ആയിരത്തി മുന്നൂറ് മുത്തുകുടകളുമായി വിശ്വാസി സമൂഹം. ഇതിനിടയില്‍ ചെണ്ടമേളങ്ങളും ബാന്‍ഡ് മേളങ്ങളും. ഇതിനു പിറകിലായിരുന്നു പരിശുദ്ധ കന്യാമറിയത്തിന്റെയും സെന്റ് തോമസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള അലങ്കരിച്ച തേര്. തേരിനു മുന്നില്‍ തൂക്കുവിളക്കേന്തി രണ്ടുപേര്‍ നടന്നുനീങ്ങി. പ്രദക്ഷിണം കടന്നുപോകുന്ന വീഥികള്‍ക്കിരുവശവും വര്‍ണവിളക്കുകള്‍ പ്രഭവിതറി.

പ്രദക്ഷിണം ആല്ത്തറക്കല് എത്തിചേര്‍ന്നപ്പോള്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്തിനെ പൊന്നാടയണിയിച്ചു. മാത്രമല്ല, ദേവസ്വം ഭരണസമിതിയംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് പ്രദക്ഷിണത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും ദാഹജലവും സംഭാരവും നല്കി. ഇത് ഇരിങ്ങാലക്കുടയുടെ മതസൗഹാര്‍ദം വിളിചോതുന്ന ഒന്നായി മാറി. ഇന്നലെ രാവിലെ നടന്ന തിരുനാള്‍ ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
കത്തീഡ്രലില്‍ ഇന്ന്
രാവിലെ ആറിനും 6.30 നും ഒമ്പതിനും വൈകീട്ട് അഞ്ചിനും ദിവ്യബലി.
രാവിലെ ഒമ്പത് മുതല്‍ വിവിധ അങ്ങാടികളില്‍ നിന്നുള്ള അമ്പ് എഴുന്നള്ളിപ്പ്.
രാത്രി ഒമ്പതിനു വര്‍ണമഴ, രാത്രി 12 ന് തിരുസ്വരൂപങ്ങള്‍ പന്തലില്‍നിന്നും പള്ളിയിലേക്ക് കയറ്റിവയ്ക്കും.