റിപ്പബ്ലിക് ദിനാഘോഷം: അവിട്ടത്തൂർ സ്വദേശിനിക്ക് ക്ഷണം
അവിട്ടത്തൂർ: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ അവിട്ടത്തൂർ സ്വദേശിനിക്കു ക്ഷണം. വേളൂക്കര പഞ്ചായത്തിലെ സിഡിഎസ് അംഗവും എഡിഎസ് പ്രസിഡന്റുമായ കിഴുവാട്ടില് വീട്ടില് റിട്ട. എന്ജിനീയര് ശശീന്ദ്രരന് ഭാര്യ മിനി ക്കാണ് ക്ഷണം ലഭിച്ചത്.
കേരളത്തിൽനിന്നുള്ള മികച്ച വനിത സംരംഭകരായുള്ള 10 വനിതകൾ പങ്കെടുക്കുന്നതിൽ തൃശൂർ ജില്ലയിൽ നിന്നുള്ള ഏക വ്യക്തിയാണ് മിനി. തയ്യൽത്തൊഴിൽ ചെയ്തിരുന്ന ഇവർ 2006 ലാണ് കുടുംബശ്രീയിലെത്തിയത്. സോപ്പുപൊടി നിർമാണമായിരുന്നു ആദ്യകാലത്ത്. അതിനിടയിലാണ് പഞ്ചായത്തിലെ കുടനിർമാണ പരിശീലനത്തിൽ പങ്കെടുത്തത്. മിനിയുടെ നേതൃത്വത്തിൽ ചിറയിൽമേൽ രത്നവല്ലി മോഹനൻ, വള്ളോംപറന്പത്ത് പണിക്കശേരി സ്നേഹാ ബാലൻ, കദളിക്കാട്ടിൽ ഷൈലജാ സുഗതൻ എന്നിവരുമായി സഹകരിച്ച് 2008 ൽ അവിട്ടത്തൂരിൽ കുട നിർമാണ യൂണിറ്റ് ആരംഭിച്ചു.
2018 മാർച്ചിൽ കെഎസ്എഫ്ഇക്കുവേണ്ടി 6000 കുടയുടെ ഓർഡർ ലഭിച്ചതാണ് വഴിത്തിരിവായത്. പിന്നീട് വിവിധ കന്പനികൾക്കും സ്ഥാപനങ്ങൾക്കും വേണ്ടി അവരുടെ പേരുവച്ച പ്രത്യേകം കുട നിർമിച്ച് നൽകാനുള്ള ഓർഡറുകൾ ലഭിച്ചു തുടങ്ങി. കോവിഡ് കാലത്ത് ഒരു കുട അകലം എന്ന രീതിയിൽ നടന്ന കാന്പയിനിന്റെ ഭാഗമായി ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകൾക്കായി പത്തു ലക്ഷത്തോളം രൂപയുടെ കുട വിൽക്കാൻ സാധിച്ചു. പിന്നാലെ, ചിപ്സ് നിർമാണവും ഹരിത പദ്ധതയി പ്രകാരം പച്ചക്കറി കൃഷിയും ആരംഭിച്ചു. കായ, ശർക്കര വരട്ടി, സാന്പാർപൊടി എന്നിവ ഫുട് പ്രൊഡക്ഷൻ യൂണിറ്റിന്റെ കീഴിൽ വീടുകളിൽ നിർമിക്കും.
കുടുംബശ്രീയുടെ കർഷക ഗ്രൂപ്പുവഴി പച്ചക്കറിക്കൃഷിയിൽ ഇഞ്ചി, മഞ്ഞൾ, ചേന എന്നിവയാണ് പ്രധാനമായി കൃഷി ചെയ്യുന്നത്. മേളകളിലും സ്വാശ്രയ കർഷക സംഘങ്ങളിലും കുടുംബശ്രീ മാസ ചന്തകളിലുമാണ് പ്രധാനമായും വിപണനം നടത്തുക. തിരുവനന്തപുരത്ത് നടന്ന നവകേരളീയത്തിൽഇവരുടെ വിപണന കേന്ദ്രം ഉണ്ടായിരുന്നു. പഞ്ചായത്തിലെ മികച്ച കുടുംബശ്രീ സംരംഭത്തിനുള്ള പുരസ്കാരവും മിനിക്ക് ലഭിച്ചിട്ടുണ്ട്. മക്കളായ അഭിജിത്ത്, അനുപമ എന്നിവർ വിദേശത്താണ്. ചടങ്ങിൽ പങ്കടുക്കുവാൻ 24ന് ഇവർ ഡൽഹിയിലേക്കു പുറപ്പെടും.