ഇന്നൊവേറ്റീവ് സ്കൂള്‍ പ്രൊപ്പോസല്‍ ബിആര്‍സി തല വിലയിരുത്തല്‍ റിപ്പോര്‍ട്ട്

സമഗ്ര ശിക്ഷാ കേരള വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന ഇന്നൊവേറ്റീവ് സ്കൂള്‍സ് പദ്ധതിയുടെ ഭാഗമായി നടന്ന അധ്യാപക ശില്പശാല
ഇരിങ്ങാലക്കുട: സമഗ്ര ശിക്ഷാ കേരള വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന ഇന്നൊവേറ്റീവ് സ്കൂള്‍സ് എന്ന പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്കുള്ള ശില്പശാല ഇരിങ്ങാലക്കുട ബിആര്‍സി ഹാളില്‍ വച്ച് നടന്നു. വിവിധ സ്കൂളുകളില്‍ നിന്ന് ലഭിച്ചിട്ടുള്ള പ്രൊപ്പോസലുകളുടെ അടിസ്ഥാനത്തില്‍ ബിആര്‍സി തല വിലയിരുത്തല്‍ നടത്തുന്നതിനു വേണ്ടി ത്രിദിന നോണ്‍ റെസിഡന്‍ഷ്യല്‍ ശില്‍പ്പശാല ആയിട്ടാണ് നടത്തിയത്. ഇരിങ്ങാലക്കുട ബിആര്‍സി ബിപിസി കെ.ആര്. സത്യപാലന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിആര്‍സിസി രമ്യ തോമസ് സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മൊയ്തീന് ഇന്നവേറ്റീവ് സ്കൂള്‍ എന്ന പദ്ധതിയുടെ ആവശ്യകത അധ്യാപകരെ ബോധിപ്പിച്ചു. ഡയറ്റ് ഫാക്കല്‍റ്റി എം.ആര്. സനോജ് വിദ്യാലയങ്ങളില്‍ നൂതനാവിഷ്കാരങ്ങള് നടത്തുന്നതിന്റെ ആവശ്യകതയെ പറ്റി പറഞ്ഞു. പഠനബോധന പ്രവര്‍ത്തനങ്ങള്‍ സര്‍ഗാത്മകമാക്കുന്നതിനും നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനും വിദ്യാലയങ്ങളെ പ്രചോദിപ്പിക്കുന്നതിനും അവയ്ക്ക് ആവശ്യമായ അക്കാദമിക പിന്തുണ നല്‍കുന്നതിനും ആയി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പരിപാടിയാണ് ഇന്നവേറ്റീവ് സ്കൂള്‍. തുടര്‍ന്ന് വിദ്യാഭ്യാസ വിദഗ്ധന്‍ മൊയ്തീന്, ഡയറ്റ് ഫാക്കല്‍റ്റി എം.ആര്. സനോജ്, ബിപിസി കെ.ആര്. സത്യപാലന് എന്നിവര്‍ സ്കൂളുകളില്‍ നിന്ന് ലഭിച്ച പ്രോജക്ടുകള്‍ വിലയിരുത്തി.