താമരവളയത്ത് സ്ഥിരം ബണ്ട് കെട്ടണം; ജില്ലാ കളക്ടര്‍ക്ക് കത്തുനല്‍കി ഇരിങ്ങാലക്കുട നഗരസഭ
കരുവന്നൂര്‍: താമരവളയത്ത് ഇറിഗേഷന്റെ സ്ഥിരം ചീപ്പുചിറയില്‍ ബണ്ടുകെട്ടണമെന്ന് ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകരുടെയും ജനപ്രതിനിധികളുടെയും ഇറിഗേഷന്‍ വകുപ്പിന്റെയും സംയുക്തയോഗം ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് നഗരസഭ ജില്ലാ കളക്ടര്‍ക്ക് കത്തുനല്‍കി. ഇറിഗേഷന്‍ വകുപ്പും ചീപ്പുചിറയില്ത്തന്നെ തടയണകെട്ടാന്‍ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്. ബണ്ട് കെട്ടുന്നതുമൂലം അരികിടിയുന്ന ഭാഗത്ത് സംരക്ഷണഭിത്തി കെട്ടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചിറ കെട്ടാന്‍ 2.3 ലക്ഷം രൂപയാണ് ഇറിഗേഷന്‍ കണക്കാക്കിയിരിക്കുന്നത്. കത്തുകള്‍ പരിശോധിച്ചശേഷം ജില്ലാ കളക്ടര്‍ അന്തിമ തീരുമാനമെടുക്കും.
കരുവന്നൂര്‍ പുഴയോടുചേര്‍ന്നുള്ള താമരവളയം ചിറയില്‍ കണക്കന്‍കടവ് പാലത്തിന് പടിഞ്ഞാറു ഭാഗത്തായിട്ടാണ് സ്ഥിരംസംവിധാനമായ ചീപ്പുചിറ സ്ഥാപിച്ചിരിക്കുന്നത്. ചിറയുടെ വടക്കേ അതിര് വല്ലച്ചിറ പഞ്ചായത്തിലും തെക്കേ ഭാഗം ഇരിങ്ങാലക്കുട നഗരസഭ രണ്ടാം ഡിവിഷനിലുമാണ്. 30 വര്‍ഷമായി ചീപ്പുചിറയില്‍ പലകയും മണല്ച്ചാക്കുകളുമിട്ട് ഇറിഗേഷന്‍വകുപ്പ് ബണ്ട് കെട്ടുകയാണ് പതിവ്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ചീപ്പുചിറയില്‍ ബണ്ടുകെട്ടുന്നതിനെതിരേ പ്രദേശവാസികളില്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തി. ബണ്ട് കെട്ടുന്നതുമൂലം സമീപത്തെ കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാകുന്നുവെന്നും പുഴയുടെ അരിക് ഇടിയുന്നെന്നും ആരോപിച്ചാണ് ചിറകെട്ടുന്നത് തടഞ്ഞത്. ഇതേത്തുടര്‍ന്ന് ഈ വര്‍ഷം കുറച്ച് കിഴക്കുമാറിയാണ് ഇറിഗേഷന്‍ താത്കാലിക തടയണ നിര്‍മിച്ചത്.
എന്നാല്‍, കഴിഞ്ഞ മഴയില്‍ ഇരുവശത്തുനിന്നും ശക്തിയായി വെള്ളമെത്തിയതോടെ ബണ്ട് തകരുകയും ഏക്കറുകണക്കിന് വരുന്ന കിഴക്കേ പുഞ്ചപ്പാടം, മുരിയാട്, കാറളം, ചെമ്മണ്ട മേഖലകളിലെ പാടശേഖരങ്ങളിലെ കൃഷിയെല്ലാം വെള്ളത്തിലാകുകയും ചെയ്തിരുന്നു. പിന്നീട് മുനയംബണ്ടും കോന്തിപുലംബണ്ടും കെട്ടിയിട്ടും താമരവളയംബണ്ട് വൈകുന്ന സാഹചര്യത്തിലാണ് ഇരിങ്ങാലക്കുട നഗരസഭ യോഗം വിളിച്ചത്. യോഗത്തില്‍ കര്‍ഷകര്‍ തങ്ങളുടെ ആശങ്ക ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തി. താത്കാലിക തടയണ കെട്ടിയ ഭാഗം ശരിയല്ലെന്നും സ്ഥിരം ചീപ്പുചിറ കെട്ടിയാല്‍ മാത്രമേ പ്രശ്നം പരിഹരിക്കാനാകുകയുള്ളൂവെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
കരുവന്നൂർ കമ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുജാ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ രാജി കൃഷ്ണകുമാര്‍, അല്‍ഫോണ്‍സാ തോമസ്, ജയാനന്ദന്, ഇറിഗേഷന്‍ എ.ഇ. ചാന്ദ്നി, സി. സജിത്ത്, പൊറത്തിശ്ശേരി, മുരിയാട്, കാറളം ചെമ്മണ്ട പ്രദേശങ്ങളിലെ പാടശേഖരസമിതി ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.