മാഹിയില്‍ നിന്നുള്ള 72 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി കോഴിക്കോട് സ്വദേശികളായ രണ്ട് പേര് ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിന്റെ പിടിയില്‍
ഇരിങ്ങാലക്കുട: മാഹിയില്‍ നിന്നും നിയമവിരുദ്ധമായി കടത്തുകയായിരുന്ന 72 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി രണ്ടുപേര്‍ ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിന്റെ പിടിയില്‍. കോഴിക്കോട് സ്വദേശികളായ മലാപറമ്പ് പാറപ്പുറത്ത് ഡാനിയേല്‍ (40), കുറ്റിച്ചിറ വലിയകത്ത് സാഹിന (42) എന്നിവരാണ് പിടിയിലായത്. മദ്യം കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ഇവര്രണ്ടുപേരും മാത്രമാണ് കാറിലുണ്ടായിരുന്നത്. ഇവരില്‍ നിന്നും 35000 രൂപയും പരിശോധിച്ചതില്‍ കണ്ടെടുത്തു. ഡ്രൈഡേ ആയതിനാല്‍ തൃശൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എസ്. ഷാനവാസിന്റെ നിര്‍ദ്ദേശപ്രകാരം കൊടകരയില്‍ വാഹന പരിശോധന ഊര്‍ജിതമാക്കിയിരുന്നു. രാവിലെ പത്ത് മണിയോടെ കൊടകര ആളൂര്‍ റോഡില്‍ വച്ചാണ് കമ്മീഷണര്‍ സ്ക്വാഡ് അംഗമായ ഇരിങ്ങാലക്കുട എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എ.ബി. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ബോംബെ ഡീലക്സ്, ബ്ലാക്ക് ഡിസ്പി, മാന്ഷന് ഹൗസ് എന്നീ ബ്രാന്റുകളിലുള്ള ബ്രാണ്ടിയാണ് കാറില്‍ നിന്നും പിടിച്ചെടുത്തത്. ഉദ്യോഗസ്ഥരായ ടി.ജി. മോഹനന്, എ. സന്തോഷ്, കൃഷ്ണപ്രസാദ്, കെ.എം. സജീവന്, പി.എം. ബാബു, പി.കെ. സുനില്‍, ടി.ആര്. സുനില്‍, കെ.കെ. വല്സന്, ജിവേഷ്, സനീഷ്, നിത, ശാലിനി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതചികളെ കോടതി റിമാന്റ് ചെയ്തു.