കുട്ടികളുടെ പാര്‍ലമെന്റില്‍ ഉയര്‍ന്ന പ്രശ്നങ്ങളുടെ പരിഹാരം 50 ലക്ഷത്തിലധികം രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് മുരിയാട് പഞ്ചായത്ത്
മുരിയാട്: കുട്ടികളുടെ പാര്‍ലമെന്റില്‍ ഉയര്‍ന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായി 50 ലക്ഷത്തിലധികം രൂപയുടെ പദ്ധതികള്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പ്രഖ്യാപിച്ചു. കുട്ടികള്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ പന്ത്രണ്ടിൽപ്പരം ആവശ്യങ്ങളാണ് ഉടനെ അംഗീകരിക്കപ്പെട്ടത്. കൂടാതെ റോഡുകള്‍ സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തുമെന്നും അറിയിച്ചു. പ്രഖ്യാപിച്ച പദ്ധതികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും പ്രസിഡന്റ് ഉറപ്പുനല്‍കി. മറ്റു നിര്‍ദേശങ്ങള്‍ പഠിച്ചതിനുശേഷം പരിഗണിക്കാമെന്നും അറിയിച്ചു.
ജില്ലാ പഞ്ചായത്ത് തദ്ദേശസമേതം എന്ന പരിപാടിയുടെ ഭാഗമായാണു കുട്ടികളുടെ പാര്‍ലമെന്റ് മുരിയാട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നത്. പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ നിന്നായി കുട്ടികളും അധ്യാപകരും ജനപ്രതിനിധികളും പങ്കെടുത്തു. കോ-ഓര്‍ഡിനേറ്റര്‍ പി.എസ്. സാഹിബ പദ്ധതി വിശദീകരണം നടത്തി. കുട്ടികള്‍ ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞ് പല വിഷയങ്ങളില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു. കുട്ടികളുടെ പാര്‍ലമെന്റ് ജില്ലാതല കലോത്സവ ജേതാവ് കെ.ജി. ഗൗരികൃഷ്ണ ഉദ്ഘാടനം ചെയ്തു. എ.ജി. ഗായത്രി അധ്യക്ഷയായി.
കെ.ജെ. ആര്‍ദ്ര, കെ.ബി. മിഖ, ജോസ് ജെ. ചിറ്റിലപ്പിള്ളി, രതി ഗോപി, സരിത സുരേഷ്, കെ.യു. വിജയന്, എ.എസ്. സുനില്‍കുമാര്‍, ശ്രീജിത്ത് പട്ടത്ത്, സേവ്യര്‍ ആളൂക്കാരന്‍ എന്നിവര്‍ സംസാരിച്ചു. തെരഞ്ഞെടുക്കപ്പെട്ട രണ്ടു കുട്ടികള്‍ വീതം അവരുടെ കണ്ടെത്തലുകളുടെ അവതരണം നടത്തി. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.