ഇരിങ്ങാലക്കുടയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ ഗാന്ധി സന്ദര്‍ശനത്തിന്റെ നവതി ആഘോഷങ്ങളുടെ സമാപനചടങ്ങ് ഉദ്ഘാനം ചെയ്യുവാനെത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാനു നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. സിആര്‍പിഎഫും പോലീസും ഒരുക്കിയ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലാണ് പെണ്‍കുട്ടികളുള്‍പ്പെടെയുള്ളവര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്. ആല്‍ത്തറ മുതല്‍ ടൗണ്‍ ഹാള്‍ ഗേറ്റ് വരെ അഞ്ചിടങ്ങളിലായിട്ടാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ‘ഗവര്‍ണര്‍ ഗോ ബാക്ക് ‘ എന്ന മുദ്രാവാക്യം ഉയര്‍ത്തി കരിങ്കൊടി കാണിച്ചത്. നാലു മണിക്കാണ് ഗവര്‍ണര്‍ എത്തുകയെന്നറിയിച്ചിരുന്നെങ്കിലും ഇന്നലെ ഉച്ചമുതല്‍ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ബസ് സ്റ്റാന്‍ഡ് പരിസരത്തും ടൗണ്‍ ഹാള്‍ പരിസരത്തും ആല്‍ത്തറക്കു സമീപവും പോലീസിന്റെ നിരീക്ഷണം ശക്തമായിരുന്നു. കരുതല്‍ തടങ്കലിന്റെ ഭാഗമായി നിരവധി എസ്എഫ്ഐ പ്രവര്‍ത്തകരെ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും കസ്റ്റഡിയിലെടുത്തിരുന്നു.
തൃശൂര്‍ ജില്ലാ റൂറല്‍ മേധാവി നവനീത് ശര്‍മ്മ, ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ് കെ ഗോപി എന്നിവരുടെ നേതൃത്വത്തില്‍ 200 ഓളം പോലീസുകാര്‍ ടൗണില്‍ ഉണ്ടായിരുന്നു. നാലേകാലോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് പരിസരത്തെത്തിയ ഗവര്‍ണറുടെ വാഹനത്തിനു നേരെ പോലീസിന്റെ കണ്ണുവെട്ടിച്ച് ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി പാഞ്ഞടുക്കുകയായിരുന്നു. പോലീസ് ഇവരെ ബലമായി നീക്കി ഗവര്‍ണറുടെ വാഹനം കടത്തിവിടാന്‍ ശ്രമിക്കുന്നതിനിടയില്‍ ടൗണ്‍ഹാളിലേക്ക് തിരിയുന്ന ഭാഗത്തു മറ്റൊരു സംഘം എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ഗവര്‍ണറുടെ വാഹനത്തിനു മുന്നിലേക്ക് വരികയായിരുന്നു. ഇതു മൂലം കുറച്ച് സമയം ഗവര്‍ണറുടെ വാഹനം റോഡില്‍ നിര്‍ത്തിയിടേണ്ടി വന്നു. കാറില്‍ നിന്നും ഇറങ്ങാന്‍ ശ്രമിച്ച ഗവര്‍ണറെ സുരക്ഷാ ചുമതലയുള്ളവര്‍ പിന്തിരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഈവനിംഗ് മാര്‍ക്കറ്റിലേക്ക് കടക്കുന്ന റോഡിലും ടൗണ്‍ ഹാള്‍ ഗേറ്റിനു മുന്നിലും മുദ്രാവാക്യം വിളികളുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജിഷ്ണു സത്യന്, ജില്ലാ ജോയിന്റ് സെക്രട്ടറി വിഷ്ണു പ്രഭാകരന്, ഏരിയ സെക്രട്ടറി ദീപക്ക്, ഏരിയ പ്രസിഡന്റ് നവ്യകൃഷ്ണ, ജില്ല വൈസ് പ്രസിഡന്റ് അനസ് ജോസഫ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സാന്ദ്ര മോഹന്‍, സാലിഹ് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം. പലരെയും റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിലേക്ക് കയറ്റിയത്. സംഭവവുമായി 27 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഭയപ്പെടുത്തിയും സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയും തന്നെ കൊണ്ട് ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്യിക്കാന്‍ കഴിയില്ല, ആരിഫ് മുഹമ്മദ് ഖാന്
ഇരിങ്ങാലക്കുട: ഭയപ്പെടുത്തിയും സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയും തന്നെ കൊണ്ട് ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്യിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അഞ്ച് തവണ വധശ്രമം നേരിടുകയും 72 വയസ് പിന്നിടുകയും ചെയ്ത വ്യക്തിയായ തനിക്ക് ഭരണഘടനയോട് മാത്രമാണ് ബാധ്യതയുള്ളത്. ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പരിപാടിക്ക് എത്തിയപ്പോള്‍ എസ്എഫ്ഐ ക്കാര് ഉയര്‍ത്തിയ പ്രതിഷേധത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍. തനിക്ക് എതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്ന അതേ മുഖ്യമന്ത്രി തന്നെയാണ് തനിക്ക് സംരക്ഷണം ഒരുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുന്നതും. പോലീസുകാര്‍ നേരിടുന്ന യതന കാണുമ്പോള്‍ തനിക്ക് ദുഖമുണ്ട്. കേരളത്തിലെ സര്‍വകലാശാലകളെ പാര്‍ട്ടി കേഡറുകളുടെയും ബന്ധുക്കളുടെയും നേഴ്സറി ആക്കി മാറ്റാന്‍ താന്‍ അനുവദിക്കില്ല. സുപ്രീം കോടതിയാണ് കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയത്. ഇദ്ദേഹത്തെ വീണ്ടും നിയമിക്കണമെന്ന ആവശ്യത്തിന് വഴങ്ങാത്തതാണ് സര്‍ക്കാര്‍ അനുകൂലികളെ ക്ഷുഭിതരാക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.