കെഎല്‍ഡിസി കനാല്‍ കരകവിഞ്ഞു; കൃഷിയെ ബാധിക്കുമെന്ന് കര്‍ഷകര്‍
കാറളം: കെഎല്‍ഡിസി കനാല്‍ കരകവിഞ്ഞ് സമീപത്തെ പാടശേഖരങ്ങളില്‍ വെള്ളം കയറുന്നത് കൃഷിയെ ബാധിക്കുമെന്ന് കര്‍ഷകര്‍. കാറളം ചെമ്മണ്ട കായല്‍ കടുംകൃഷി കര്‍ഷക സഹകരണസംഘത്തിന്റെ കീഴിലുള്ള താണിശേരി പാവടി പാടശേഖരത്തിലേക്കാണ് കനാലിന്റെ ബണ്ട് കരകവിഞ്ഞ് ഒഴുകുന്നത്. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് മഞ്ഞാംകുഴി വഴി അധികമായി എത്തിയ വെള്ളമാണ് പൊഞ്ഞനം ലിഫ്റ്റ് ഇറിഗേഷന്‍ കിണര്‍ കവിഞ്ഞ് പാടശേഖരങ്ങളിലേക്ക് ഒഴുകുന്നത്. നെല്ല് കതിരിട്ട സമയത്ത് ഇത്തരത്തില്‍ വെള്ളം കയറിവരുന്നത് കൃഷിയെ സാരമായി ബാധിക്കുമെന്ന് സംഘം പ്രസിഡന്റ് കെ.കെ. ഷൈജു പറഞ്ഞു. പാടശേഖരത്തില്‍നിന്ന് വെള്ളം ഒഴുകിപ്പോകാത്ത അവസ്ഥയിലാണ്. ഷട്ടര്‍ തുറക്കുന്ന കാര്യം കര്‍ഷകരെ അറിയിക്കാതെ ഇറിഗേഷന്‍ അനാസ്ഥ കാണിക്കുകയാണ്. കൂത്തുമാക്കലോ കൊറ്റംകോടോ ഷട്ടറുകള്‍ തുറന്ന് അധികജലം ഒഴുക്കിക്കളയാന്‍ അടിയന്തരമായി ഇടപെടണമെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഷൈജു ആവശ്യപ്പെട്ടു.