മലയാളത്തിലെ പുതുതലമുറ സംവിധായകരുടെ ചിത്രങ്ങളുമായി അഞ്ചാമത് ഇരിങ്ങാലക്കുട അഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേള
ഇരിങ്ങാലക്കുട: മലയാളത്തിലെ പുതുതലമുറ സംവിധായകരുടെ ചിത്രങ്ങളുമായി അഞ്ചാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള. ഐ.ജി. മിനി, സുസ്മേഷ് ചന്ത്രോത്ത്, പ്രതാപ് ജോസഫ്, ഇന്ദു ലക്ഷ്മി, ലിജീഷ് മുല്ലേഴത്ത്, ശ്രുതി ശരണ്യം, പ്രശാന്ത് മുരളി, സുനില്‍ മാലൂര്‍, അഭിജിത്ത് അശോകന് എന്നിവരുടെ ചിത്രങ്ങളോടൊപ്പം കവയത്രി സുഗതകുമാരിയുടെ സാമൂഹിക ഇടപെടലുകളെ പ്രതിപാദിക്കുന്ന എം.ആര്. രാജന് സംവിധാനം ചെയ്ത തോല്‍ക്കുന്ന യുദ്ധത്തിലെ പടയാളികള്‍, മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകള്‍ നടത്തിയ സമരത്തെ ആസ്പദമാക്കി രാംദാസ് കടവല്ലൂര്‍ സംവിധാനം ചെയ്ത മണ്ണ് എന്നീ ഡോക്യുമെന്ററികളും പ്രദര്‍ശന വേദിയായ മാസ് മൂവീസില്‍ മാര്‍ച്ച് എട്ട് മുതല്‍ 14 വരെയുള്ള ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും.
വിവിധ ഭാഷകളില്‍ നിന്നായി 21 ചിത്രങ്ങളാണ് മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി രാവിലെ 10, 12 വൈകീട്ട് ആറ് എന്നീ സമയങ്ങളില്‍ സ്ക്രീന്‍ ചെയ്യുന്നത്. ഫെസ്റ്റിവലിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിന്റെ പ്രകാശനം തൃശൂര്‍ റൂറല്‍ പോലീസ് മേധാവി നവനീത് ശര്‍മ്മ ഐപിഎസ് നിര്‍വഹിച്ചു. ചലച്ചിത്ര മേളകളിലൂടെ പരിചയപ്പെടുന്ന ചിത്രങ്ങള്‍ പുതിയ തലമുറയുടെ ഭാവുകത്വപരിണാമത്തിനും പുതിയ എഴുത്തുകാരുടെയും സംവിധായകരുടെയും പിറവിക്ക് കാരണമാകുമെന്നും നവനീത് ശര്‍മ്മ ഐപിഎസ് പറഞ്ഞു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡന്റ് മനീഷ് അരീക്കാട്ട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.കെ. ഭരതന്‍മാസ്റ്റര്‍, സെക്രട്ടറി നവീന്‍ ഭഗീരഥന്, വൈസ്പ്രസിഡന്റ് ടി.ജി. സിബിന്, ട്രഷറര്‍ ടി.ജി. സച്ചിത്ത്, ജോയിന്റ് സെക്രട്ടറി ജോസ് മാമ്പിള്ളി, എക്സിക്യൂട്ടീവ് അംഗങ്ങളായ രാജീവ് മുല്ലപ്പിള്ളി, എം.എസ്. ദാസന് തുടങ്ങിയവര്‍ പങ്കെടുത്തു.