ലഹരിയുടെ പിടിയില്‍ നഗരരാവുകള്‍, കഞ്ചാവുവേട്ട അരങ്ങുതകര്‍ക്കുന്നു. മറുവശത്ത് രഹസ്യവില്പന പൊടിപൊടിക്കുന്നു
ഇരിങ്ങാലക്കുട: വിദ്യാര്‍ഥികളെ നാടെങ്ങും ചൂണ്ടയിട്ട് കാത്തിരിക്കുകയാണ് കഞ്ചാവുമാഫിയ. നഗരത്തില്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന തകൃതി. പോലീസിന്റെയും എക്സൈസ് വകുപ്പിന്റെയും കഞ്ചാവുവേട്ട അരങ്ങു തകര്‍ക്കുമ്പോഴാണ് കഞ്ചാവിന്റെ രഹസ്യവില്പന പൊടിപൊടിക്കുന്നത്. രാത്രികളില്‍ കറങ്ങി നടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ള കഞ്ചാവുമായാണ് കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശികളായ രണ്ടു പേര് ആഡംബര വാഹനവുമായി പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും പോലീസിനു ലഭിച്ച സൂചനകള്‍ ഏറെ ഞെട്ടിക്കുന്നതാണ്. കോളജ് വിദ്യാര്‍ഥികള്‍ക്ക് ആവശ്യാനുസരണം കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന മൊത്ത വിതരണശൃംഗലയിലെ പ്രധാന കണ്ണികളാണിവര്‍. ആവശ്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഫോണില്‍ ബന്ധപ്പെട്ടാല്‍ പറയുന്ന സ്ഥലത്ത് കഞ്ചാവ് എത്തിക്കുകയാണ് ഇവരുടെ രീതി. തനിയെ വീടെടുത്ത് താമസിക്കുന്ന വിദ്യാര്‍ഥികളാണ് ഇവരുടെ ഇര.
ലഹരിക്കും വാട്സാപ് ഗ്രൂപ്പുണ്ട്
സിന്തറ്റക് ഡ്രഗ്സിന്റെ ഉപയോഗത്തിനും വിനിമയത്തിനുമായി യുവാക്കള്‍ ഉപയോഗിക്കുന്നതു സാമൂഹിക മാധ്യമങ്ങള്‍. താല്‍പരകക്ഷികളായ ചെറുപ്പക്കാരെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന ഗ്രൂപ്പുകളിലൂടെയാണു ലഹരിമരുന്നിന്റെ ഓര്‍ഡര്‍ എടുക്കലും ഡെലിവറിയും. ലഹരിമരുന്നെത്തിയാല് ഗ്രൂപ്പ് അംഗങ്ങള്‍ക്കു മെസേജ് മൊബൈലിലൂടെ ഷെയര്‍ ചെയ്യപ്പെടും. അതീവ രഹസ്യമായി രൂപീകരിക്കുന്ന ഇത്തരം ഗ്രൂപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തറിയാറേയില്ല. വാട്സാപ് വഴിയാണു വില്പന കൂടുതല്‍ നടക്കുന്നത്. കൊണ്ടുവരാന്‍ പോകുന്ന സാധനത്തിന്റെ ഫോട്ടോ ആദ്യം അയച്ചുകൊടുക്കും. ഈ സാധനം ഇഷ്ടപ്പെട്ടാല്‍ പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് എത്തിച്ചുനല്‍കുകയാണ് ഇപ്പോഴത്തെ രീതി. കഞ്ചാവിന്റെ വില, ഉപയോഗിക്കുന്ന രീതി, ലഹരികൂട്ടുന്നതിനുള്ള വിദ്യകള്‍, പുതിയ ടേസ്റ്റുകള്‍ എന്തൊക്കെ, എന്നിങ്ങനെ എല്ലാ വിവരങ്ങളും വാട്സാപ് വഴി കൈമാറുന്നു. വാട്സാപ്പിലെ ന്യൂജന്‍ ഭാഷ മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. നൈസ് ഉണ്ടോ എന്നുള്ളത് കഞ്ചാവ് ഉണ്ടോ എന്നാണ്. നീ വലകളുമായി വരില്ലേ എന്നുള്ളത് കൂട്ടുക്കാരുടെ സംഘവുമായി വരില്ലേ എന്നാണ് ഉദ്ദേശിക്കുന്നത്. കഞ്ചാവിന്റെ അളവ് കുറഞ്ഞാല്‍ ശോകം ആണെന്നു പറയും. ഇതു കഞ്ചാവ് വില്്്പനക്കാരുടെയും സ്ഥിരം ഉപയോഗി്കുന്നവരുടെയും കോഡ് ഭാഷയാണ്.
ഒഴിഞ്ഞയിടങ്ങള്‍ ഒളിത്താവളങ്ങള്‍, എത്തിനോക്കാതെ പോലീസും
വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് വാടകക്ക് വീട് എടുത്ത് താമസിക്കുന്നയിടങ്ങള്‍ ലഹരി കേന്ദ്രങ്ങളാകുന്നു. കുറച്ചു നാള് മുമ്പ് ഇത്തരം സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ലഹരി വസ്തുകളുടെ പാക്കറ്റുകള്‍ കണ്ടെത്തിയിരുന്നു. രാത്രിസമയങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും വന്നു കയറി വരാം എന്നുള്ളതാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രത്യേകത. ലഹരിയുടെ ഉപയോഗം അതിരു കടന്നതോടെ ഞവരികുളത്തില്‍ രാത്രി ഒരു മണിക്കാണ് പെണ്‍കുട്ടികളടങ്ങുന്ന ഒരു കൂട്ടം വിദ്യാര്‍ഥികള്‍ കുളിക്കാനിറങ്ങിയ സംഭവം ഉണ്ടായത്. വിവരമറിഞ്ഞ് എത്തിയ പോലീസ് ഇവരോട് കുളത്തില്‍ നിന്നും കയറുവാന്‍ ആവശ്യപ്പെട്ടു. രാത്രിയില്‍ കുളത്തില്‍ കുളിക്കരുതെന്ന്് നിയമമുണ്ടോ എന്നായിരുന്നു ഇവരുടെ മറുപടി. നഗരത്തിലെ പല ഒഴിഞ്ഞ വീടുകളും ഇടുങ്ങിയ കെട്ടിടങ്ങളും രാത്രികളിലും ഒഴിവു ദിവസങ്ങളിലും വിദ്യാര്‍ഥികളുടെ ലഹരി കേന്ദ്രങ്ങളാകുന്നതിനു പുറമേ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമാകുന്നതായും സൂചനകളുണ്ട്. ജന്മദിനം തുടങ്ങിയ ആഘോഷങ്ങളും വിദ്യാര്‍ഥികളുടെ സെന്റ് ഓഫ് പാര്‍ട്ടികളും പലതും നടക്കുന്നതും ഇതതരം സ്ഥലങ്ങളിലാണെന്നതും ആശങ്ക വര്ധിപ്പിക്കുണ്ട്. പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്നാണ് ഉയര്‍ന്നു വന്നിരിക്കുന്ന ആവശ്യം.
തടയണം ഈ മാരക വിപത്തിനെ
വിദ്യാര്‍ഥികളില്‍ ലഹരിയുടെ ഉപയോഗം തടയുന്നതിനായി പല പ്രഖ്യാപനങ്ങളും നടന്നിട്ടുണ്ടെങ്കിലും അവയൊന്നും നടപ്പിലായിട്ടില്ല. ലഹരിമരുന്ന് തടയാന്‍ കോളജുകളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, 21 വയസില്‍ താഴെയുള്ളവര്‍ക്കായി താലൂക്കുകളില്‍ ലഹരി വിമുക്ത കേന്ദ്രം, സമൂഹമാധ്യമങ്ങളിലെ മയക്കുമരുന്ന് വില്പനയെക്കുറിച്ച് വിവരം നല്കാന് പോര്‍ട്ടല്‍, സ്കൂളുകളിലും കോളജുകളിലും പ്രിന്‍സിപ്പല്‍മാരടങ്ങിയ വിര്‍ച്വല്‍ പോലീസ്, എക്സൈസ് യൂണിറ്റ്, വിദ്യാര്‍ഥികളില്‍ ലഹരിയുപഭോഗം കണ്ടെത്താന്‍ കിറ്റുപയോഗിച്ച് പരിശോധന എന്നിവ ഇന്നും നടപ്പിലാകാത്ത പ്രഖ്യാപനങ്ങളാണ്.