ആറ്റക്കിളികള് മരങ്ങളില്‍നിന്ന് വൈദ്യുതിക്കമ്പിയിലേക്ക് വല്ലാത്ത കൂടുമാറ്റം
മുരിയാട്: പാടശേഖരങ്ങളിലും പറമ്പുകളിലുമെല്ലാം കൂടുവെച്ചിരുന്ന ആറ്റക്കിളികള്(ബയവീവര്) വൈദ്യതിക്കമ്പികളിലേക്ക് കൂടുമാറുന്നു. മുരിയാട്, തൊമ്മാന കോള്‍പ്പാടങ്ങളിലൂടെ പോകുന്ന 11 കെവി ലൈനുകളില്‍ നിരവധി കൂടുകളാണ് ഇവ ഒരുക്കിയിരിക്കുന്നത്. വേനല്‍ ആരംഭിക്കുന്ന ഫെബ്രുവരിയിലാണ് ഇവ കൂടുവയ്ക്കാനെത്തുന്നത്. നെല്ലിന്റെ ഓലയും തെങ്ങോലയുടെ നാരും മറ്റും ഉപയോഗിച്ചാണ് ഇവ കൂടുകൂട്ടുന്നത്. ബണ്ടുകള്ക്കരികിലെ ചെറുമരങ്ങളിലും തുരുത്തുകളിലും കൂടുവെച്ചിരുന്ന ഇവയുടെ കൂടുമാറ്റത്തിന് പിന്നില്‍ പാടശേഖരങ്ങളിലെ നിര്‍മാണങ്ങളും അടിക്കടിയുണ്ടാകുന്ന വികസനങ്ങളും കാരമായിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
സുരക്ഷിതമായ സ്ഥലമെന്ന നിലയിലാണ് വൈദ്യുതിക്കമ്പികളെ ഇവ കരുതുന്നത്. തൃക്കണാം കുരുവി, കുഞ്ഞാറ്റക്കുരുവി തുടങ്ങി വിവിധങ്ങളായ പേരുകളിലാണ് പലയിടത്തും ഇവ അറിയപ്പെടുന്നത്. ഭംഗിയുള്ള കൂടുകളാണ് ഇവയുടേത്. പെണ്കിളിക്കാണ് ഇവര്‍ക്കിടയില്‍ പ്രാധാന്യം കൂടുതല്‍. ആണ്‍കുരുവികളാണ് കൂടുനിര്‍മാണത്തിന് തുടക്കമിടുന്നത്. കൂടുവെച്ചശേഷം ആണ്‍കിളി, പെണ്‍കിളികളെ ആകര്ഷിച്ചുവിളിക്കുമെങ്കിലും അവ വന്ന് കൂട് പരിശോധിച്ച് ഇഷ്ടപ്പെട്ടാല്‍ മാത്രമേ ആണ്‍കിളികളുടെ ക്ഷണം സ്വീകരിക്കു. ധാന്യങ്ങളാണ് ഇവയുടെ പ്രധാന ഭക്ഷണം. പെണ്‍കിളി മുട്ടയിട്ട് അടയിരുന്ന് വിരിയിക്കുന്നതുവരെ അവരവിടെ തുടരും. മഴക്കാലമാകുന്നതുവരെ മാത്രമേ ഇവയെ കാണനാകുകയൂള്ളുവെന്ന് 15 വര്‍ഷമായി ഇവയെ നിരീക്ഷിക്കുന്ന പക്ഷി നിരീക്ഷകന് റാഫി കല്ലേറ്റുംകര പറഞ്ഞു.