ഉത്സവാഘോഷത്തിനിടെ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; കത്തികുത്തില്‍ ഒരാള്‍ മരിച്ചു. ഏഴുപേര്‍ ചികിത്സയില്‍, മൂന്നുപേരുടെ നില അതീവഗുരുതരം
ഇരിങ്ങാലക്കുട: ഉത്സവാഘോഷത്തിനിടെ യുവാക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു. അരിമ്പൂര്‍ മനക്കൊടി വെളുത്തൂര്‍ സ്വദേശി ചുള്ളിപറമ്പില്‍ വീട്ടില്‍ സുഭാഷ് ചന്ദ്രബോസിന്റെ മകന് കുട്ടാപ്പി എന്നു വിളിക്കുന്ന അക്ഷയ് (20) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആറു പേര് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ഒരാള്‍ എറണാകുളം സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. മൂന്നുപേരുടെ നില അതീവഗുരുതരമാണ്.
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. മൂര്‍ക്കനാട് ശിവക്ഷേത്രത്തില്‍ നടന്ന ഉത്സവത്തിന്റെ സമാപനത്തില്‍ ആറാട്ട് എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ എത്തിയശേഷം നടന്ന വെടിക്കെട്ടിനിടെയാണ് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയില്‍ ആലുംപറമ്പില്‍ വച്ച് സംഘടനവും കത്തികുത്തും നടന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 31 ന് സമീപത്തെ മൈതാനിയില്‍ ക്ലബിന്റെ നേതൃത്വത്തില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തിയിരുന്നു. സെമി ഫൈനല്‍ മത്സരത്തിനിടയില്‍ ഇരു ടീമുകള്‍ തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. കുറച്ചു ദിവസം മുമ്പ് ഇതു സംബന്ധിച്ച് ഇവര്‍ തമ്മില്‍ വീണ്ടും വെല്ലുവിളികള്‍ നടത്തിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കത്തികുത്തില്‍ കലാശിച്ചതെന്നാണ് പറയുന്നത്.
അക്ഷയും സുഹൃത്തുക്കളും മൂര്‍ക്കനാടുള്ള ബന്ധു വീട്ടില്‍ ഉത്സവാഘോഷത്തിന് എത്തിയതായിരുന്നു. ഈ സമയത്ത് എതിര്‍പക്ഷത്തുള്ളവരുമായി വാക്കേറ്റം നടന്നു. തുടര്‍ന്ന് നടന്ന സംഘര്‍ഷമാണ് കത്തിക്കുത്തിലേക്ക് വഴിവെച്ചത്. മൂര്‍ക്കനാട് പൊറക്കാട്ടുകുന്ന് കരിക്കാപറമ്പില് വീട്ടില്‍ പ്രജിത്ത് (25), കൊടകര മഞ്ചേരി വീട്ടില്‍ മനോജ് (35), ആനന്ദപുരം പൊന്നയത്ത് വീട്ടില്‍ സന്തോഷ് (40), തൊട്ടിപ്പാള്‍ മണ്ണൂര്‍ വീട്ടില്‍ നിഖില്‍ (34), ആനന്ദപുരം സ്വദേശി കൊല്ലംപറമ്പില്‍ സഹല്‍ (24), മൂര്‍ക്കനാട് കോമരത്തുവീട്ടില് സുജിത്ത് (28), നന്തിക്കര നമ്പോലന് വീട്ടില്‍ അഭിലാഷ് (38) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
അക്ഷയ് സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടിരുന്നു. അക്ഷയുടെ ഇടതുനെഞ്ചിനാണ് കുത്തേറ്റത്. മറ്റുള്ളവര്‍ക്ക് വയറ്റിലും പുറകിലുമാണ് കുത്തേറ്റിരിക്കുന്നത.് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘമാണ് മരിച്ചു കിടന്ന അക്ഷയ് നെ ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റവരെ മാപ്രാണം ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്ക് തൃശൂരിലെ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സന്തോഷിനെ എറണാകുളം മൃത ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇരിങ്ങാലക്കുട പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. ക്രമസമാധാന നില കണക്കിലെടുത്ത് സംഭവസ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂര്‍ക്കനാട് സ്വദേശികളായ കറുകപറമ്പില് വീട്ടില്‍ അനുമോദ്, സഹോദരന് അഭിനന്ദ് എന്നിവരെയാണ് പോലീസ് പ്രതികളെന്ന് സംശയിക്കുന്നത്. ഒട്ടേറെ കേസുകളില്‍ പ്രതികളാണിവര്‍.