മഞ്ചേശ്വരം വാഹനാപകടം; മരണമടഞ്ഞ അച്ഛനും മക്കള്‍ക്കും നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
അമ്മയെ തനിച്ചാകി അച്ചനും മക്കളും ഇനി തിരിച്ചു വരാത്ത ലോകത്തേക്കു യാത്രയായി.
ഇരിങ്ങാലക്കുട : കാസര്‍കോട് മഞ്ചേശ്വരത്ത് ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശികളായ അച്ഛനും മക്കള്‍ക്കും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ മഞ്ചേശ്വരം കുഞ്ചത്തൂര്‍ ദേശീയ പാതയില്‍ അമിതവേഗതയില്‍ വന്ന ആബുലന്‍സ് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് തിരികെ വരുന്ന വഴി ഇവര്‍ സഞ്ചിരിച്ചിരുന്നകാര് ആംബുലന്‍സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ കണ്ഠേശ്വരം പുതുമന വീട്ടില്‍ ശിവകുമാര്‍ (54) , മക്കളായ ശരത്ത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. ഒരു കാറില്‍ തീര്ഥയാത്രക്കു പുറപ്പെട്ട ഇവര്‍ മൂന്നു ആബുലന്സുകളിലായാണ് ചേതനയറ്റ ശരീരവുമായി ഇരിങ്ങാലക്കുടയിലെത്തിയത്. കാസര്‍കോട് ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലുമായി നടന്ന പോസ്റ്റ്മാര്ട്ടങ്ങള്ക്ക് ശേഷം ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചത്. അപകട വിവരമറിഞ്ഞ് ശിവകുമാറിന്റെ സഹോദരന് രാജനും ബന്ധുക്കളും മഞ്ചേശ്വരത്തേക്ക് പോയിരുന്നു. മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചപ്പോള്‍ അവസാനമായി ഒരു നോക്കു കാണാന്‍ കണ്ണീരോടെ ആയിരങ്ങളാണ് എത്തിചേര്‍ന്നത്.
നാട്ടുകാരും ശരത്തിന്റെയും സൗരവിന്റെയും സഹപാഠികള്‍ അടക്കം ഒട്ടേറെ പേര് വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. മുന്‍ കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍, നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, മുന്‍ നഗരസഭ ചെയര്മാന് എംപി ജാക്സണ് തുടങ്ങി നിരവധിപേര്‍ വിവിധ മേഖലയിലുള്ളവര്‍ അന്തിമോപചാരമര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. തുടര്‍ന്ന് ചടങ്ങുകള്‍ക്ക് ശേഷം ഇന്നലെ രാവിലെ പത്തരയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വിശ്രമത്തില്‍ ആയതിനാല്‍ ശിവകുമാറിന്റെ ഭാര്യ സ്മിത തീര്ഥയാത്രയില് ഒപ്പമുണ്ടായിരുന്നില്ല. അമ്മയെ തനിച്ചാകി അച്ചനും മക്കളും ഇനി തിരിച്ചു വരാത്ത ലോകത്തേക്കു യാത്രയായി.
മഞ്ചേശ്വരത്ത് അപകടത്തില്‍ മരിച്ച ശിവകുമാര്‍ (54), മക്കളായ ശരത് (23), സൗരവ് (15) എന്നിവരുടെ മൃതദേഹം വീട്ടില്‍ കൊണ്ടു വന്നപ്പോള്‍ ശിവകുമാറിന്റെ ഭാര്യ സ്മിത മൃതദേഹങ്ങള്‍ക്കരികെ വിങ്ങികരയുന്നു.