കനത്ത മഴ; ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ മതില് ഇടിഞ്ഞ് വീണു


ഇരിങ്ങാലക്കുട: കനത്ത മഴയില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ മതില് ഇടിഞ്ഞ് വീണു. ആശുപത്രിയുടെ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് വടക്കുവശത്തായി തൃശൂര്‍ റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പൊഴോലിപറമ്പില്‍ കോംപ്ലക്സിലേക്കാണ് ആശുപത്രിയുടെ മതില് ഇടിഞ്ഞ് വീണത്. ഇ കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചീട്ടുണ്ട്. ആശുപത്രി വളപ്പില്‍ നില്ക്കുന്ന വലിയ മരമാണ് അപകടങ്ങള്‍ക്ക് കാരണം. മരം ഏതുനിമിഷവും മറിഞ്ഞുവീഴാവുന്ന നിലയിലാണ് ഉള്ളത്. ആശുപത്രി വളപ്പില്‍ ഇടിഞ്ഞു വീണ മതിലിനോട് ചെര്‍ന്നുള്ള കെട്ടിടവും അപകടഭീഷണിയിലാണ്. മതിലിടിഞ്ഞ് മണ്ണ് ഒലിച്ചുപോയതിനാല്‍ കെട്ടിടത്തിന് നാശം സംഭവിക്കുവാന്‍ ഇടയുണ്ട്. അപകടാവസ്ഥയിലായ മരം കെട്ടിടങ്ങളിലേക്കു മറിഞ്ഞു വീഴാനും സാധ്യതയുണ്ട്.

സമീപത്തെ കെട്ടിടത്തേക്കാള്‍ ഉയരത്തിലാണ് ആശുപത്രി വളപ്പ് സ്ഥിതി ചെയ്യുന്നത്. മതിലിനോട് ചേര്‍ന്ന് ഏറെ ദൂരം മണ്ണ് അടര്‍ന്ന് നില്‍ക്കുകയാണ്. ഏതു സമയവും മതിലിന്റെ മറ്റു ഭാഗങ്ങളും വീണ് അപകടം സംഭവിക്കാം എന്ന നിലയിലാണ്. ആശുപത്രി വളപ്പിലെ അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ഈ മരവും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മരം മുറിക്കുന്നതിന് അനുമതി ലഭിച്ചിരുന്നില്ല. അതിനാലാണ് ഈ മരത്തിന്റെ കൊമ്പും ചില്ലകളും മാത്രം മുറിച്ചതെന്നും അപകടം സംഭവിച്ച പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ മരം മുറിച്ചുമാറ്റുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസ് പറഞ്ഞു.