ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി റിസര്ച്ച് ലാബിലെ ഗവേഷകര് കേരളത്തില് നിന്ന് രണ്ട് പൂവീച്ചകളെ കണ്ടെത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി റിസര്ച്ച് ലാബിലെ ഗവേഷകരാണ് മെസെംബ്രിയസ് ബെംഗാലെന്സിസ്, മെസെംബ്രിയസ് ക്വാഡ്രിവിറ്റാറ്റസ് എന്നീ പൂവീച്ചകളെ കേരളത്തില് നിന്നും ആദ്യമായി കണ്ടെത്തിയത്. ക്രൈസ്റ്റ് കോളജിലെ എസ്ഇആര്എല്ലെ ഗവേഷകനായ സി. അതുല് ശങ്കര്, ലാബ് ഡയറക്ടറും, പ്രസ്തുത കോളജിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സി. ബിജോയ്, പുല്ലൂറ്റ് കെകെടിഎം ഗവ. കോളജിലെ സുവോളജി വിഭാഗം മേധാവിയും, അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ഇ.എം. ഷാജി എന്നിവര് ചേര്ന്നാണ് ഇവയെ കണ്ടെത്തിയത്. ഇതാദ്യമായാണ് മെസെംബ്രിയസ് ജീവിവര്ഗത്തില് വരുന്ന പൂവീച്ചകളെ കേരളത്തില് നിന്ന് കണ്ടെത്തിയതായി രേഖപ്പെടുത്തുന്നത്.
ഈച്ചകളും കൊതുകുകളും ഉള്പ്പെടുന്ന ഓര്ഡര് ഡിപ്റ്റെറയിലെ, സിര്ഫിഡേ കുടുംബത്തില്പ്പെട്ടവയാണ് ഇവ. തേനീച്ചകളേയും പല കടന്നലുകളേയും പോലെ പൂക്കളിലെ പതിവ് സന്ദര്ശകര് ആയതിനാലാണ് ഇവയെ പൂവീച്ച എന്ന് വിളിക്കുന്നത്. ശത്രുക്കളില് നിന്ന് രക്ഷനേടാന് തേനീച്ചകളെയോ കടന്നലുകളെയോ പോലെ അനുരൂപം നേടിയിട്ടുള്ള ഇവ നിരുപദ്രവകാരികളും, സസ്യങ്ങളുടെ പരാഗണത്തില് വലിയ പങ്കുവഹിക്കുന്നവരുമാണ്. മാത്രമല്ല, ലാര്വ ആയിരിക്കുന്ന ഘട്ടത്തില് സസ്യകീടമായ മുഞ്ഞയുടെ ജൈവനിയന്ത്രണത്തിനും ഇവ സഹായിക്കുന്നു. അസോസിയേഷന് ഫോര് അഡ്വാന്സ്മെന്റ് ഓഫ് എന്റമോളജിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ എന്റോമോണ്ലെ ജൂലൈ ലക്കത്തിലാണ് ചിത്രങ്ങള് സഹിതം പ്രസ്തുത പഠനം പൂര്ണ്ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. പൂവീച്ചകളുടെ ജൈവവൈവിധ്യവും, വ്യാപനവും പൊതുജന പങ്കാളിത്തത്തോടെ മനസിലാക്കാന് ഈ ഗവേഷണപഠനം സഹായകരമാകും എന്ന് ഗവേഷകനായ സി. അതുല് ശങ്കര് അഭിപ്രായപ്പെട്ടു.