ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഭാരതീയ വിദ്യാഭവന്‍സ് വിദ്യ മന്ദിര്‍ വിദ്യാര്‍ഥികള്‍ക്കായി ഔട്ട് റീച്ച് പരിപാടി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് കൊമേഴ്സ് വിഭാഗം ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന്‍സ് വിദ്യ മന്ദിര്‍ എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി ഔട്ട് റീച്ച് പരിപാടി സംഘടിപ്പിച്ചു. കോളജിലെ ഫാ. ജോസ് തെക്കന്‍ ഹാളില്‍ വെച്ച് നടന്ന പരിപാടി കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് വിഭാഗം അധ്യാപകന് ഡോ. അരുണ്‍ ബാലകൃഷ്ണന് ഗോള്‍ സെറ്റിംഗ് എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തു. പരിപാടിയുടെ ഭാഗമായി കൊമേഴ്സ് ഡിപ്പാര്‍ട്മെന്റിലെ വിദ്യാര്‍ഥികള്‍ കുട്ടികളുമായി സംവദിച്ചു. സൗഹൃദം, മുന്‍ഗണന, ആത്മ വിശ്വാസം, സഹനുഭൂതി എന്നീ മൂല്യങ്ങളിലൂന്നിയ പ്രഭാഷണങ്ങള്‍ ഏറെ ഫലപ്രദമായെന്ന് വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു. കോളജിലെ പ്രസിദ്ധമായ സുവോളജി മ്യൂസിയം, ജിയോളജി മ്യൂസിയം, ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്പാര്‍ട്മെന്റ്, അക്വാപോണിക്സ് എന്നിവയിലെ സന്ദര്‍ശനത്തോട് കൂടി പരിപാടിക്ക് സമാപനമായി.