കാന പണിയാന്‍ റോഡ് പൊളിച്ചിട്ട് 46 ദിവസം, ജനങ്ങള്‍ ദുരിതത്തില്‍
ഇരിങ്ങാലക്കുട: കാന പണിയാന്‍ റോഡ് പൊളിച്ചിട്ട് 46 ദിവസം പിന്നിട്ടു. ജനങ്ങള്‍ ദുരിതത്തില്‍. നഗരസഭ ആറാം വാര്‍ഡിലെ മാടായിക്കോണം ചര്‍ച്ച് ലിങ്ക് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി കാന പണിയുന്നതിനു കഴിഞ്ഞ 46 ദിവസമായി റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. പണി പാതി വഴിയില്‍ നിര്‍ത്തി. ഇതോടെ കൗണ്‍സിലറോ കോണ്ട്രാക്ടറോ ഇവിടേക്കു തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്. നിരവധി ആളുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന റോഡാണിത്. നിര്‍മാണ സാമഗ്രികള്‍ റോഡില്‍ കൂട്ടിയിട്ടിരിക്കുന്നതിനാല്‍ നാട്ടുകാര്‍ക്കു നടന്നു പോകാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. കാന നിര്‍മാണത്തിനു മുമ്പു രണ്ടു കള്‍വര്‍ട്ടുകള്‍ പൂര്‍ത്തിയാക്കണം. മഴ ശക്തമായതോടെ കാനയില്‍ വെള്ളം നിറഞ്ഞതാണു പണികള്‍ തടസപ്പെട്ടതെന്നും മാപ്രാണത്തു കാന പണിയുന്നതിനിടയില്‍ സ്വകാര്യ വ്യക്തിയുടെ മതില് ഇടിഞ്ഞു വീണു തൊഴിലാളിക്കു പരിക്കേറ്റതോടെ ഇത്തരം പണികള്‍ മഴ മാറിയിട്ടു മതിയെന്ന തീരുമാനവുമാണു പണി നിര്‍ത്തിവക്കുവാന്‍ കാരണമായതെന്നു വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍, ആന്റണി മഞ്ഞളി, ടൈറ്റസ്, മനു കുറ്റിക്കാന്, ജോയി മാറോക്കി, ജിനോയ് ജോയി എന്നിവര്‍ അറിയിച്ചു.