ലോക ഗജദിനത്തില്‍ വയനാടിനു കൈത്താങ്ങായി കൂട്ടുകൊമ്പന്മാര് ആനപ്രേമി സംഘടന

ആനപ്രേമി സംഘടനയായ കൂട്ടുകൊമ്പന്മാര് എലിഫെന്റ് വെല്‍ഫയര്‍ ഫോറം ഗജദിന ആഘോഷങ്ങള്‍ ഇത്തവണ ഒഴിവാക്കി വയനാട് ഉരുള്‍പൊട്ടലില്‍ അതിജീവനത്തിന് കരുതലായി 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന് കൈമാറുന്നു.
ഇരിങ്ങാലക്കുട: ലോക ഗജദിനത്തില്‍ വേറിട്ട മാതൃകയായി കൂട്ടുകൊമ്പന്മാര് എലിഫെന്റ് വെല്‍ഫയര്‍ ഫോറം. ഗജദിന ആഘോഷങ്ങള്‍ ഇത്തവണ ഒഴിവാക്കി വയനാട് ഉരുള്‍പൊട്ടലില്‍ അതിജീവനത്തിന് കരുതലായി ആനപ്രേമി സംഘടനയായ കൂട്ടുകൊമ്പന്മാര് എലിഫന്റ് വെല്‍ഫെയര്‍ ഫോറം 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന് കൈമാറി.
ദുഖകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന വയനാട്ടിലെ ദുരന്തബാധിതരായ സഹോദരീ സഹോദരന്മാര്ക്ക് കരുതലായി മാറിയ സംഘടനയുടെ പ്രവൃത്തിയെ മന്ത്രി ആര്. ബിന്ദു അഭിനന്ദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യഘട്ടമായി ഇരുപത്തിഅയ്യായിരം രൂപ കൈമാറുകയും രണ്ടാം ഘട്ടമായി സംഘടന വയനാട്ടിലെ തന്നെ ആദിവാസി ഊരുകളിലെ ഇരുന്നൂറ്റിയമ്പത് കുടുംബങ്ങളിലേക്ക് സഹായം എത്തിക്കാനുമാണ് പദ്ധതിയിട്ടിരിക്കുന്നത്.
കൂട്ടുകൊമ്പന്മാര് എലിഫെന്റ് വെല്‍ഫയര്‍ ഫോറം സംഘടനാ പ്രതിനിധികളായ പി.എസ്. ജിഷ്ണു, സുജിത് തിരിയാട്ട്, കെ.ബി. അഭിഷേക്, നന്ദകുമാര്‍ എടവന, അവിന് കൃഷ്ണ എന്നിവരും ആനഗവേഷകന്‍ മാര്‍ഷല്‍ സി. രാധാകൃഷ്ണനും ചടങ്ങില്‍ പങ്കെടുത്തു. മുന്‍ പ്രളയകാലത്തും കവളപ്പാറ ഉരുള്‍ പൊട്ടിയ സന്ദര്‍ഭത്തിലും കൂട്ടുകൊമ്പന്മാര് എന്ന ആനപ്രേമികളുടെ കൂട്ടായ്മ സഹായങ്ങളുമായി വയനാട്ടില്‍ എത്തിയിരുന്നു.
കൂടാതെ എല്ലാ വര്‍ഷങ്ങളിലും അപകടം പറ്റിയതും, രോഗാവസ്ഥയിലുള്ള ആനത്തൊഴിലാളികള്ക്ക് ചികിത്സാ ധനസഹായവും, ആനക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ പുരസ്കാരവും നല്‍കാറുണ്ട്. അന്താരാഷ്ട്ര ഗജഗജദിനത്തിലും ആനപ്രേമത്തോടൊപ്പം തന്നെ മനുഷ്യസ്നേഹവും കരുതലും ഊട്ടിയുറപ്പിക്കുകയാണ് കൂട്ടുകൊമ്പന്മാര് എന്ന ആനപ്രേമികളുടെ ഈ സംഘടന.